'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍': 500 രൂപ ഫീസ് നല്കി ഒരു ദിവസം 'ജയില്‍പുള്ളി'യാകാന്‍ അവസരം

24 മണിക്കൂര്‍ ഒരു ജയില്‍പുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. ഫീസിനത്തില്‍ നല്‍കേണ്ടത് വെറും അഞ്ഞൂറ് രൂപ. ജയിലിനുള്ളില്‍ കഴിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നത് കര്‍ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍ അധികൃതരാണ്. പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ മാത്രം പരിചയമുള്ള ജയിൽ ജീവിതം പരിചയപ്പെടുത്തുന്ന ജയിൽ ടൂറിസമാണ് ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍.
പക്ഷെ ജയിലിനുള്ളില്‍ സുഖവാസമായിരിക്കുമെന്ന ധാരണയില്‍ ചാടിപ്പുറപ്പെടേണ്ട. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാവും സന്ദര്‍ശകരോടുമുള്ള അധികൃതരുടെ പെരുമാറ്റം. പുലര്‍ച്ചെ മണിയടിയോടെയാവും ദിനചര്യ ആരംഭിക്കുന്നത്. ജയിലിലെ യൂണിഫോം ധരിക്കണം. തടവുപുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്പര്‍ ലഭിക്കും. മറ്റ് തടവുപുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടേണ്ടി വരും. തടവുപുള്ളികള്‍ക്ക് നല്കുന്ന അതേ ഭക്ഷണം തന്നെ കഴിക്കേണ്ടതുണ്ട്. ജയിലിനകത്ത് പൂന്തോട്ടനിര്‍മാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും വേണം.
'രാവിലെ അഞ്ച് മണിക്ക് ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. ചായയ്ക്ക് മുമ്പ് സെല്ലിനകം വൃത്തിയാക്കണം. ഒരു മണിക്കൂറിന് ശേഷം പ്രാതല്‍ ലഭിക്കും. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രമേ ഭക്ഷണം ലഭിക്കൂ. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സസ്യേതര ഭക്ഷണം കിട്ടും. ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ സ്പെഷ്യല്‍ ഭക്ഷണം ആസ്വദിക്കാം'-ജയിലധികൃതര്‍ വ്യക്തമാക്കി. രാത്രി ഭക്ഷണത്തിന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങണം. സെല്ലുകള്‍ പൂട്ടിയിടും.
ചിലപ്പോള്‍ 'വല്യജയിൽപുള്ളി'കളോടൊപ്പം കഴിയേണ്ടിയും വരും. നിലവില്‍ വധശിക്ഷ കാത്ത് കഴിയുന്ന 29 കൊടും കുറ്റവാളികൾ ഹിന്‍ഡാല്‍ഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും സീരിയല്‍ കില്ലറും ബലാത്സംഗ കേസ് പ്രതികളും ഇവിടെയുണ്ട്. പ്രതികളോടൊപ്പം കഴിയുന്നത് ജയില്‍വാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതര്‍ പറയുന്നു. കൂടാതെ ഇത് കുറ്റകൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു
Content Highlights: Pay Rs 500, live like a prisoner in Belagavi's Hindalga jail
Content Highlights: