ട്രെയിനിലെ ബെർത്തിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

മുംബൈ: പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. ഇയാളുടെപേരിൽ റെയിൽവേ പോലീസ് കേസുമെടുത്തു.
ഹസ്രത്ത് നിസാമുദ്ദീൻ-മൈസൂരു എക്സ്പ്രസിൽ കഴിഞ്ഞദിവസമാണ് സംഭവം. തീപിടിക്കുന്ന വസ്തുക്കൾ ട്രെയിനിനുള്ളിൽ കൊണ്ടുപോകുകയോ വിളക്കുകൾ, മെഴുകുതിരികൾ, ധൂപങ്ങൾ എന്നിവ കത്തിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർഥിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയറിൽനിന്നുള്ള ഗരീബ എന്ന യാത്രക്കാരനായിരുന്നു ബെർത്തിൽ ദീപം കത്തിച്ചുവെച്ചത്. യാത്രക്കാരനിൽനിന്ന് തീപ്പെട്ടി, ഒരു ധൂപപാത്രം എന്നിവ കണ്ടെടുക്കുകയും ഭൂസാവൽ സ്റ്റേഷനിൽ ഇറക്കിവിടുകയുമായിരുന്നു. തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ടി.ടി.ഇ. യാത്രക്കാരനോട് പറഞ്ഞെങ്കിലും പ്രാർഥന കഴിഞ്ഞിട്ട് അണയ്ക്കാമെന്ന് പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ടി.ടി.ഇ.യുടെ മൊബൈൽ ഫോണിലും പകർത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
1989-ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 153, 145 (ബി) പ്രകാരം യാത്രക്കാരന്റെപേരിൽ കേസ് രജിസ്റ്റർ ചെയ്തതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 വ്യവസ്ഥ ചെയ്യുന്നുണ്ട്.
Content Highlights: A passenger was removed from a train for lighting a lamp, leading to a legal case under the Railway Act for endangering safety.