രാജ്യത്ത് നാലുവർഷത്തിനിടെ പാർട്ടി മാറിയത് 111 സാമാജികർ; 26 ലോക്‌സഭാംഗങ്ങൾ, 7 രാജ്യസഭാംഗങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ പാർട്ടി മാറിയത് 111 സാമാജികർ. 2022 മുതൽ ഈവർഷം ജൂലായ് 12 വരെയുള്ള കണക്കാണിത്. പാർട്ടി മാറിയതിൽ 26 പേർ ലോക്‌സഭാംഗങ്ങളും ഏഴുപേർ രാജ്യസഭാംഗങ്ങളും ബാക്കി 78 പേർ വിവിധ സംസ്ഥാനങ്ങളിലെ എം.എൽ.എ.മാരുമാണ്. കേരളത്തിൽനിന്ന് ആരുമില്ല.
പാർട്ടിവിട്ട് പുതിയതിൽ ചേർന്നവർ, പാർട്ടികളുടെ ലയനം, രാജിവെച്ച് പുതിയ പാർട്ടിയിൽ മത്സരിച്ച് ജയിക്കൽ, കൂറുമാറ്റത്തേത്തുടർന്ന് അയോഗ്യത വന്നതോടെ അതേ സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ ജയിക്കൽ എന്നീ വിഭാഗങ്ങളിലായാണ് 111 പേരുള്ളതെന്ന് ‘അസോസിയേഷൻ ഫോർ ഡെമക്രാറ്റിക് റിഫോംസ്’ എന്ന സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി മാറിയതിൽ മുന്നിലുള്ളത് എൻ.ഡി.പി.പി. (നാഷണലിസ്റ്റ് ഡെമക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) അംഗങ്ങളാണ്. ഈ പാർട്ടി 2025 ഒക്ടോബറിൽ എൻ.പി.എഫ്. പാർട്ടിയിൽ ലയിക്കുകയായിരുന്നു. നാഗാലാൻഡിലെ പാർട്ടിയായ എൻ.ഡി.പി.പി.യുടെ 25 എം.എൽ.എ.മാരാണ് ഇത്തരത്തിൽ മാറിയത്. നാഗാലാൻഡിലെ എൻ.സി.പി.യിൽനിന്ന് ഏഴ് എം.എൽ.എ.മാർകൂടി എത്തിയതോടെ ഏറ്റവും കൂടുതൽ സാമാജികരെത്തിയ പാർട്ടി (32) എൻ.പി.എഫ്. ആയി.
രണ്ടാം സ്ഥാനത്തുള്ള തൃണമൂൽ കോൺഗ്രസിന്റെ 20 ലോക്‌സഭാംഗങ്ങൾ പാർട്ടിവിട്ട് 2026 ജൂൺ 14-ന് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു.
കോൺഗ്രസിന്റെ 19 എം.എൽ.എ.മാരാണ് പാർട്ടി വിട്ടത്. ഇതിൽ ഗോവ(എട്ട്), ഗുജറാത്ത് (നാല്), മേഘാലയ (നാല്), ഹിമാചൽ പ്രദേശ് (രണ്ട്), മധ്യപ്രദേശ് (ഒന്ന്) സംസ്ഥാനങ്ങളിൽ നിന്നാണ് എം.എൽ.എ.മാർ പോയത്. ഇതിൽ മേഘാലയയിൽനിന്നുള്ള നാലുപേർ എൻ.പി.പി.യിലേക്ക് പോയതൊഴികെ ബാക്കിയെല്ലാവരും എത്തിയത് ബി.ജെ.പി.യിലാണ്. ബി.ആർ.എസിന്റെ ഒൻപത് എം.എൽ.എ.മാർ കോൺഗ്രസിൽ ചേർന്നു. ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാംഗങ്ങൾ ബി.ജെ.പി.യിലുമെത്തി.
Content Highlights: Over four years, 111 Indian politicians switched parties, including 26 Lok Sabha and 7 Rajya Sabha members, according to a recent report.