‘കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകിയതാര്?’ അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ച നടത്താമെന്ന സർക്കാരിന്റെ വാഗ്ദാനത്തെ തള്ളി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ 20-ന് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പിനും ലാത്തിച്ചാർജിനും ഉത്തരവിട്ടതാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിൽ ജൂലായ് 20-ന് പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷതീരുമാനം. സഭയിൽ മന്ത്രി നേരിട്ട് വിശദീകരണം നൽകുന്നതുവരെ പാർലമെന്റിലെ നിലവിലെ സ്തംഭനാവസ്ഥ തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
സഭ തടസ്സപ്പെടാതിരുന്നാൽ ആഭ്യന്തര മന്ത്രി മറുപടി നൽകാൻ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. സാധാരണ വിഷയങ്ങളെക്കുറിച്ചുള്ള പ്രസംഗമല്ല തങ്ങൾക്ക് വേണ്ടതെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകളും കണ്ണീർവാതകവും പ്രയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പാർലമെന്റിൽ വന്ന് സാധാരണ നടത്തുന്നതുപോലെ ഒരു പ്രസംഗമല്ല ഞങ്ങൾക്ക് കേൾക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ വക്തമാക്കണം. കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകിയത് മന്ത്രിയാണോ അതോ ആഭ്യന്തര മന്ത്രാലയത്തിലെ മറ്റാരെങ്കിലുമാണോ എന്ന് അറിയണം. ഇതിൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം’- രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകളും മുള്ളുകൾ തറച്ച ലാത്തികളും ഉപയോഗിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഈ നടപടിക്ക് അമിത് ഷാ വ്യക്തിപരമായി അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. അനുമതി നൽകിയെങ്കിൽ അദ്ദേഹം കുറ്റക്കാരനാണെന്നും, അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിൽ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചപ്പോൾ ബിഹാറിലെ സിവാനിൽ വിദ്യാർഥി പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്ന് കിരൺ റിജിജു ആരോപിച്ചു. ആഭ്യന്തര മന്ത്രി സംഭവങ്ങളെക്കുറിച്ച് വിശദമായ മറുപടി നൽകാൻ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം സഭയിൽ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൊവ്വാഴ്ച വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധി നിരന്തരം നിലപാടുകൾ മാറ്റുകയാണെന്നും സഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദയും ആരോപിച്ചു