'എങ്ങനെ ഇത്രനന്നായി ഹിന്ദി സംസാരിക്കുന്നു';പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച് മലയാളി

Screengrab: x.com/narendramodi
Screengrab: x.com/narendramodi

ന്യൂഡല്‍ഹി: 'പരീക്ഷ പേ ചര്‍ച്ച'യ്ക്കിടെ മലയാളി പെണ്‍കുട്ടി ഹിന്ദിയില്‍ അഭിവാദ്യംചെയ്തതില്‍ ആശ്ചര്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍നിന്നുള്ള പെണ്‍കുട്ടി എങ്ങനെയാണ് ഇത്രനന്നായി ഹിന്ദി സംസാരിക്കുന്നതെന്ന് ചോദിക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദി സംസാരിക്കുന്നത് കേട്ട് കേരളത്തില്‍നിന്നുള്ള അകാന്‍ഷ എന്ന വിദ്യാര്‍ഥിനിയോടാണ് പ്രധാനമന്ത്രി ഇക്കാര്യം ചോദിച്ചത്. 

തനിക്ക് ഹിന്ദി ഏറെ ഇഷ്ടമാണെന്നായിരുന്നു നരേന്ദ്രമോദിയുടെ ചോദ്യത്തിന് അകാന്‍ഷ നല്‍കിയ മറുപടി. ഹിന്ദിയില്‍ കവിതകള്‍ എഴുതാറുണ്ടെന്നും അകാന്‍ഷ പറഞ്ഞു. തുടര്‍ന്ന് ഹിന്ദിയില്‍ കവിത ആലപിക്കുകയുംചെയ്തു.

പ്രധാനമന്ത്രിയുടെ 'പരീക്ഷ പേ ചര്‍ച്ച'യുടെ ഈ വര്‍ഷത്തെ പതിപ്പിന് തിങ്കളാഴ്ച രാവിലെയാണ് തുടക്കമായത്. ബോര്‍ഡ് പരീക്ഷകള്‍ക്ക് മുമ്പായി വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കാനായാണ് 'പരീക്ഷ പേ ചര്‍ച്ച' സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

Content Highlights: PM Modi was surprised by a Kerala girl`s fluent Hindi during `Pariksha Pe Charcha