പാർലമെന്റിലെ പ്രതിഷേധം, സനാതന ധർമ്മത്തെ അപമാനിച്ചു; പപ്പു യാദവ് എംപിക്ക് കോടതി നോട്ടീസ്

#ന്യൂസ് ഡെസ്ക്
പ്രതിഷേധ നാടകത്തിൽ നിന്നുള്ള ദൃശ്യം | പപ്പു യാദവ് | Photo: ANI
പ്രതിഷേധ നാടകത്തിൽ നിന്നുള്ള ദൃശ്യം | പപ്പു യാദവ് | Photo: ANI

ന്യൂഡൽഹി: അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ പപ്പു യാദവ് എംപിക്ക് നോട്ടീസ് അയച്ച് പ്രയാഗ്രാജ് കോടതി. സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചുള്ള ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്‌.

ഉത്തർപ്രദേശിലെ ബിജെപി നേതാവും അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകനുമായ സുനീൽ ജയിൻ സമർപ്പിച്ച ക്രിമിനൽ പരാതിയിലാണ് കോടതിയുടെ ഈ നടപടി. പ്രയാഗ്രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് യോഗേഷ് ജയിൻ ആണ് പപ്പു യാദവിന് നോട്ടീസ് അയച്ചത്. ഈ മാസം 11-ന് നേരിട്ട് ഹാജരാകാൻ കോടതി അദ്ദേഹത്തോട് നിർദ്ദേശിച്ചു.

അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച പാർലമെന്റ് വളപ്പിൽ പപ്പു യാദവ് ഒരു തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. കാവി വസ്ത്രം ധരിച്ച് പപ്പു യാദവ് നടത്തിയ പ്രതീകാത്മകമായ 'ചന്ദാ ചോരി' പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ മറ്റ് ദേശീയ നേതാക്കളും പങ്കുചേർന്നിരുന്നു.

ഈ സ്‌കിറ്റിലൂടെ സനാതന ധർമ്മത്തെ അവഹേളിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇതേ വിഷയത്തിൽ പപ്പു യാദവിനും രാഹുൽ ഗാന്ധിക്കുമെതിരെ വാരണാസിയിലേയും പ്രയാഗ്രാജിലേയും വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, അഭിഭാഷകൻ നേരിട്ട് കോടതിയെ സമീപിച്ച ക്രിമിനൽ പരാതിയിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സംഭവം നിലവിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്. 

Content Highlights: Prayagraj court issued a formal notice to MP Pappu Yadav. Allegations center on insulting Sanatana Dharma during a protest at Parliament. The case stems from a criminal complaint filed by advocate Sunil Jain. Pappu Yadav is required to appear in court on the 11th of this month. The protest involved a street play regarding Ayodhya temple donations.