നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; തീവ്രവാദികള്‍ക്ക് വഴിയൊരുക്കിയ പാക് പൗരനെ സൈന്യം പിടികൂടി

പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികള്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. 

20 വയസുള്ള ആരിഫ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാള്‍ നാല് ഭീകരവാദികളെയാണ് ഇന്ത്യയിലേക്ക് കടത്താനായി ശ്രമിച്ചത്. നിയന്ത്രണരേഖയിലെ സംശയാസ്പദമായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. മാത്രമല്ല ആരിഫിനെ പിടികൂടുകയും ചെയ്തു. 

അതേസമയം സൈന്യത്തിന്റെ തിരിച്ചടിയില്‍ പരിക്കേറ്റ ഭീകരവാദികള്‍ പാകിസ്താനിലേക്ക് തിരിഞ്ഞോടി. പിന്തിരിഞ്ഞോടിയവര്‍ക്കെതിരെ സൈന്യം വെടിയുതിര്‍ത്തില്ല. ഇവരെ പിടികൂടിയതിന്റെ സമീപ മേഖലയിലാണ് പാക് സൈനിക പോസ്റ്റുള്ളത്. അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പിന്തിരിഞ്ഞോടിയ ഭീകരവാദികളെ ആക്രമിക്കാതിരുന്നത്. അതേസമയം ഇവര്‍ക്ക് സാരമായി പരിക്കേറ്റുവെന്ന് സൈന്യം പറഞ്ഞു.

അതേസമയം ആരിഫിനെ പിടികൂടാനായത് നിര്‍ണായകമായി. ഇയാളില്‍ നിന്ന് 20,000 പാകിസ്താനി രൂപയും മൊബൈല്‍ഫോണും പിടിച്ചെടുത്തു. ഇയാള്‍ക്ക് പ്രദേശത്തക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്ന് വ്യക്തമായിട്ടുണ്ട്‌. നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കശ്മീരിലാണ് ആരിഫ് താമസിക്കുന്നത്.

ഭീകരവാദികള്‍ക്കും പാക്‌സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ട് എന്ന് ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്‌. മാത്രമല്ല ഇയാളില്‍ നിന്ന് ഇത്തരത്തില്‍ ഭീകരവാദികളെ സഹായിക്കുന്നവരേക്കുറിച്ചും നുഴഞ്ഞുകയറാനുപയോഗിക്കുന്ന പാതകളേപ്പറ്റിയുമുള്ള വിവരങ്ങള്‍ സൈന്യം ശേഖരിക്കുന്നുണ്ട്. 

Content Highlights: Indian Army arrests a Pakistani citizen attempting to infiltrate across the Line of Control