സുവർണക്ഷേത്രം ലക്ഷ്യംവെച്ച് പാകിസ്താൻ ആക്രമണംനടത്തി; മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

അമൃത്സര്‍: ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം പാകിസ്താന്‍, അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടിരുന്നതായി സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയെന്നും എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെല്ലാം പരാജയപ്പെടുത്തിയെന്നും മേജര്‍ ജനറല്‍ കാര്‍ത്തിക് സി. ശേഷാദ്രി വ്യക്തമാക്കി.
പാകിസ്താന് നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കുമെന്ന് തങ്ങള്‍ മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രമെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.
സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നും ശേഷാദ്രി പറഞ്ഞു. മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാകിസ്താന്‍ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജരായിരുന്നതിനാല്‍ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായി. ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകര്‍ത്തെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി. ആകാശ് മിസൈല്‍, എല്‍-70 വ്യോമ പ്രതിരോധ തോക്കുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാക് ഡ്രോണ്‍ ആക്രമണങ്ങളെ നിര്‍വീര്യമാക്കിയത്. പഞ്ചാബ് നഗരത്തെയും സുവര്‍ണ ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും ഡെമോ വ്യക്തമാക്കുന്നു.
അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡിഗഢ്, ഭുജ് ഉള്‍പ്പെടെയുള്ള നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് പാക് ആക്രമണമുണ്ടായിരുന്നതായി നേരത്തേ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Content Highlights: pakistan aimed golden temple in amritsar