പഹൽഗാം ഭീകരാക്രമണം; ചൈനയുടെ സഹായം തേടി NIA; ഭീകരർ ഉപയോഗിച്ച ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | പഹൽഗാമിൽ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യത്തെ വിന്യസിച്ചപ്പോൾ | Photo: AP
പ്രതീകാത്മകചിത്രം | പഹൽഗാമിൽ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യത്തെ വിന്യസിച്ചപ്പോൾ | Photo: AP

ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ചൈനയിൽ ആക്ടിവേറ്റ്ചെയ്തതാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഇതോടെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കാൻ എൻ.ഐ.എ. ചൈനയുടെ സഹായംതേടി. ക്യാമറയുടെ നിർമാതാക്കൾക്ക്‌ നിയമപരമായ നോട്ടീസ്‌ നൽകിയതായും ഏജൻസി, പ്രത്യേക കോടതിയെ അറിയിച്ചു.

കഴിഞ്ഞവർഷം ഏപ്രിൽ 22-ന് പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുമുൻപ് പ്രദേശങ്ങളും ആസൂത്രണഘട്ടങ്ങളും ചിത്രീകരിക്കാൻ ഭീകരർ ഉപയോഗിച്ചത് ഈ ക്യാമറയായിരുന്നു. ചൈന ആസ്ഥാനമായ എ.ഇ. ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന വിതരണക്കാരാണ് ക്യാമറ കൈമാറിയതെന്ന്, നിർമാതാക്കളായ ’ഗോപ്രോ ബിവി’ അന്വേഷണ ഏജൻസിയെ അറിയിച്ചിരുന്നു.

2024 ജനുവരി 30-ന് ചൈനയിലെ ഡോങ്ഗുവാനിൽ ക്യാമറ ആദ്യമായി ആക്ടിവേറ്റ്ചെയ്തതായും കണ്ടെത്തി. ക്യാമറയുടെ മറ്റ് ഇടപാട് വിശദാംശങ്ങളോ അന്തിമ ഉപയോക്ത്യ രേഖകളോ തങ്ങളുടെ കൈവശമില്ലെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

ക്യാമറയുടെ ആക്ടിവേഷൻ ചൈനയുടെ പരിധിയിലായതിനാലും വാങ്ങുന്നയാളെക്കുറിച്ചുള്ള വിവരങ്ങളും സാങ്കേതികരേഖകളും ചൈനീസ് നിയമവഴിയിലൂടെമാത്രമേ ലഭിക്കൂവെന്നതിനാലുമാണ് എൻ.ഐ.എ. അവരുടെ സഹായം തേടിയത്.

ചൈനയ്ക്ക് ഔദ്യോഗികമായി അഭ്യർഥനക്കത്ത് (ലെറ്റർ റൊഗേറ്ററി) നൽകാൻ ഏജൻസിക്ക് പ്രത്യേക കോടതി അനുമതിയും നൽകി. ഇരുരാജ്യവും തമ്മിൽ പരസ്പര നിയമസഹായക്കരാർ നിലവിലില്ലാത്തതിനാൽ, ഐക്യരാഷ്ട്രസഭയുടെ ട്രാൻസ്‌നാഷണൽ ഓർഗനൈസ്ഡ് ക്രൈം പ്രകാരമാകും സഹായംതേടുന്നത്. പഹൽഗാം ആക്രമണത്തിലുൾപ്പെട്ട എല്ലാ ഭീകരരെയും സൈന്യം പിന്നീട് വധിച്ചിരുന്നു. 

Content Highlights: GoPro camera used by terrorists in the Pahalgam attack was activated in China. The National Investigation Agency (NIA) is seeking assistance from Chinese authorities. The request for cooperation is being made under the UN Convention against Transnational Organized Crime. The finding suggests a potential international conspiracy and planning behind the attack.