പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു, അവർ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ല - സിന്‍ഹ

ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. അവർ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22നാണ് നിരപരാധികളായ 26 പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ശക്തമായ മറുപടി ലഭിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഒരു നല്ല വാർത്ത വരും. എന്നാൽ ഒരു പ്രത്യേക തീയതി വെളിപ്പെടുത്തുന്നത് ഉചിതമല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ ഭീകരസംഘടനകളുടെ തലപ്പത്തുള്ളവർ വധിക്കപ്പെട്ടിട്ടുണ്ടെന്നും അവർക്കും ഇതേ ഗതി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായും സിൻഹ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് ഒരു തെളിവും നൽകേണ്ട ആവശ്യമില്ല. പാകിസ്താൻ പല അവകാശവാദങ്ങളും ഉന്നയിച്ചെങ്കിലും ലോകത്തിന് മുന്നിൽ ഒരു തെളിവും ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യൻ സൈന്യം  തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും സൈന്യം പ്രകടിപ്പിച്ച കരുത്ത് പ്രശംസനീയമാണെന്നും സിൻഹ കൂട്ടിച്ചേർത്തു.

അടുത്തിടെ പഹല്‍ഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ചയായിരുന്നെന്ന് സിൻഹ തുറന്നുസമ്മതിച്ചിരുന്നു. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു ഇത്. കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വര്‍ഗീയ വിഭജനം ആളിക്കത്തിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. 

സുരക്ഷാ വീഴ്ചയാണ് അവിടെ സംഭവിച്ചതെന്നതില്‍ സംശയമില്ല. ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതായിരുന്നു കശ്മീരിൽ പൊതുവായുള്ള വിശ്വാസം. തുറന്ന പുല്‍മേട്ടിലാണ് ആക്രമണമുണ്ടായത്. അവിടെ സുരക്ഷാസേനയ്ക്ക് കഴിയാന്‍ സ്ഥലമോ സൗകര്യങ്ങളോ ഇല്ല. കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. 

പാകിസ്താനാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ മേയ് 7ന് പ്രത്യാക്രമണം നടത്തുകയും പാകിസ്താനിലെ ഭീകരതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 10ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു. 
 

Content Highlights: Pahalgam Attack Terrorists Identified JK Lieutenant Governor