'ദിമാഗി നക്സലാ'യതിൽ അഭിമാനിക്കുന്നു; നരേന്ദ്ര മോദിക്ക് മറുപടിയുമായി പി. ചിദംബരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ 'ദിമാഗി നക്സൽ' (നക്സലൈറ്റ് ആശയമുള്ളവർ) പരാമർശത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ദിമാഗി നക്സലായതിൽ താൻ അഭിമാനിക്കുന്നുവെന്ന് ചിദംബരം പറഞ്ഞു. സാമൂഹികമാധ്യമമായ എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വനാന്തരങ്ങളിലെ സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും തലച്ചോറിൽ നക്സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞത്. രാജ്യത്തെ അക്രമവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികളെ ഒറ്റപ്പെടുത്തണം. മാവോയിസ്റ്റ് ചിന്താഗതിയുള്ളവർ പൊതുജീവിതത്തിലും വിവിധ സർക്കാർ കമ്മിറ്റികളിലും വർഷങ്ങളായി സ്വാധീനം ചെലുത്തിയിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സായുധരായ നക്സലുകളിൽനിന്ന് രാജ്യത്തെ മുക്തമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 'ദിമാഗി നക്സലുകൾ' അക്രമത്തിനുള്ള വഴികൾ ഇപ്പോഴും തിരയുകയാണ്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് ഇത്തരം ആളുകളെ തിരിച്ചറിഞ്ഞ് മാറ്റിനിർത്തണമെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.
നക്സലിസംമൂലം ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങളാണ് തകർന്നത്. തോക്കിൻമുനയിൽ രാജ്യത്തിന്റെ വലിയൊരു ഭാഗത്തേയും ജനങ്ങളേയും നാലുപതിറ്റാണ്ടോളമാണ് ഇക്കൂട്ടർ ബന്ദികളാക്കിയത്. ഇതിലൂടെ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അവർ തകർക്കാൻ ശ്രമിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പോരാട്ടങ്ങളിൽ 3,500-ലധികം സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരേക്കാൾ കൂടുതൽ വരും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യത്തെ നക്സലിസത്തിൽനിന്ന് മോചിപ്പിക്കണമെന്ന് ഉറപ്പിച്ചിരുന്നു. 80 വർഷത്തെ സ്വാതന്ത്ര്യത്തിനുശേഷം ഇന്ന് ഇന്ത്യ നക്സലിസത്തിന്റെ പിടിയിൽനിന്ന് പൂർണമായി മുക്തമായിക്കൊണ്ടിരിക്കുകയാണ്. നക്സലിസത്തിന് ഇന്ന് ശ്വാസമെടുക്കാൻപോലും ശേഷിയില്ലാത്ത അവസ്ഥയാണെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് കഴിഞ്ഞദിവസം തന്നെ രംഗത്തെത്തിയിരുന്നു. മുൻപ് തന്റെ രാഷ്ട്രീയ എതിരാളികളെ അർബൻ നക്സലുകൾ എന്നുവിളിച്ചിരുന്ന മോദി, ഇപ്പോൾ ദിമാഗി നക്സലുകൾ എന്നുവിളിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ നിരാശയാണ് വ്യക്തമാക്കുന്നത്. ദിമാഗി നക്സൽ എന്നുവിളിച്ച് ആക്ഷേപിക്കുന്ന ആളുകൾ ആവശ്യപ്പെടുന്ന കാര്യങ്ങൾതന്നെയാണ് പിന്നീട് അദ്ദേഹത്തിന്റെ സർക്കാരിന് നടപ്പിലാക്കേണ്ടിവരുന്നത്. രാഷ്ട്രീയതന്ത്രത്തിലെ മാസ്റ്റർ അബ്യൂസർ (മഹാ അധിക്ഷേപകൻ) ആയതുകൊണ്ടാണ് മോദിക്ക് എം.എ. ബിരുദം കിട്ടിയത്. അത് വെറുതേ കിട്ടിയതല്ലെന്നും ജയ്റാം രമേശ് പരിഹസിച്ചു.
Content Highlights: Senior Congress leader P Chidambaram stated on X that he is proud to be a 'Dimagi Naxal', hitting back at Prime Minister Narendra Modi's Independence Day address where PM Modi urged identifying and isolating ideology-driven Naxalites to achieve Viksit Bharat.