കോണ്‍ഗ്രസ് പരിപാടിയില്‍ നേതാക്കള്‍ ഇടിച്ചുകയറി; സ്റ്റേജ് നിലംപൊത്തി, MLA-മാര്‍ക്ക് പരിക്ക്

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സ്‌റ്റേജ് തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലായിരുന്നു പരിപാടി.
എം.എല്‍.എ.മാരെക്കൂടാതെ ഏതാനും പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സ്റ്റേജ് തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പാര്‍ട്ടിപ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ സ്റ്റേജും സദസ്സും തിങ്ങിനിറഞ്ഞിരുന്നു. പ്രതിഷേധ പരിപാടി പുരോഗമിക്കവേ, സ്‌റ്റേജ് തകര്‍ന്നുവീഴുകയും ആളുകളും അതോടൊപ്പംതന്നെ വീഴുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എം.എല്‍.എ.മാരായ ശൈലേഷ് പാണ്ഡെ, രശ്മി സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്കുകള്‍ സാരമല്ല. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കുമാരി ഷെല്‍ജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കയറിയതോടെയാണ് വേദി തകര്‍ന്നുവീണത്.
Content Highlights: overcrowded stage collapses in chhattisgarh, 2 congress leaders injured