കേരളത്തിലുള്ള കാലത്ത് ഈദും ക്രിസ്മസും ഓണവും ഒന്നിച്ചാഘോഷിച്ചു; ചന്ദ്രചൂഡിന്റെ ഭാര്യ

മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത കേരളത്തിലെ തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ പങ്കുവെച്ച് കല്‍പനാദാസ് ചന്ദ്രചൂഡ്. കേരളത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് ഈദും ദീപാവലിയും ഓണവും ക്രിസ്മസുമെല്ലാം വിവിധ മതസ്ഥര്‍ ഒന്നിച്ച് ആഘോഷിച്ചിരുന്നത് തന്റെ ബാല്യകാലം കൂടുതല്‍ സമ്പന്നമാക്കിയെന്നും സ്ഥാനമൊഴിയുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഭാര്യ ഓര്‍മ്മിച്ചു.
കേരളത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് ഈദിന് മുസ്ലിം സുഹൃത്തുക്കളുടെ വീട്ടില്‍പ്പോയി വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചിരുന്നതും ദീപാവലിക്ക് അവര്‍ തങ്ങളുടെ വസതിയില്‍ വന്നിരുന്നതും കല്പന ഓര്‍ത്തെടുത്തു. തങ്ങള്‍ ഹിന്ദുക്കളാണെന്ന് അറിയാമായിരുന്നെങ്കിലും മറ്റുമതങ്ങള്‍ക്ക് വ്യത്യസ്ത ആഘോഷങ്ങളാണെന്ന് അറിയില്ലായിരുന്നു. ഈദ് തങ്ങളുടെ ആഘോഷമല്ലെന്ന് തോന്നിയിട്ടേയില്ല. ഓണവും ക്രിസ്മസുമെല്ലാം തങ്ങള്‍ ആഘോഷിച്ചിരുന്നെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെക്കുറിച്ച് സുപ്രീംകോടതിയുടെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പ്ലാനിങ് പുറത്തിറക്കിയ പതിപ്പില്‍ കല്പനാ ദാസ് പറഞ്ഞു.
കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഒഡിഷ സ്വദേശി ഡോ. പി.കെ. ദാസിന്റെ മകളാണ് കല്പനാ ദാസ്. ഒന്‍പത്, പത്ത് ക്ലാസുകള്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂളിലും പ്രീഡിഗ്രി കാസര്‍കോട് ഗവണ്മെന്റ് കോളേജിലുമാണ് കല്പനാ ദാസ് പഠിച്ചത്.
ബ്രിട്ടീഷ് കൗണ്‍സില്‍ ഉദ്യോഗസ്ഥയും അഭിഭാഷകയുമായ കല്പനാദാസിനെ ലണ്ടനില്‍വെച്ചാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്യമായി കാണുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പരിചയത്തിലായ ജസ്റ്റിസ് ചന്ദ്രചൂഡ്, പിന്നീട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നെന്ന് കല്‍പനാദാസ് പറഞ്ഞു.
ഭിന്നശേഷിക്കാരായ രണ്ട് പെണ്‍കുട്ടികളെ (മഹി, പ്രിയങ്ക) ജസ്റ്റിസ് ചന്ദ്രചൂഡും കല്പനയും ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അര്‍ബുദബാധയെത്തുടര്‍ന്ന് 2007-ല്‍ മരിച്ച ആദ്യഭാര്യ രശ്മിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന് രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും അഭിഭാഷകരാണ്.
Content Highlights: Outgoing CJI Chandrachud's wife reminisces about her childhood in Kerala