ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ഒഴിവാക്കി, പ്രതിഷേധം

ഓം ബിര്‍ള |ഫോട്ടോ:PTI
ഓം ബിര്‍ള |ഫോട്ടോ:PTI

ന്യൂഡൽഹി: ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയെന്ന് പ്രതിപക്ഷം. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനിരിക്കെയാണ് അസാധാരണമായ നീക്കം. 

അടിയന്തര പ്രമേയ നോട്ടീസുകൾ സ്പീക്കർ പരി​ഗണിക്കണമെങ്കിൽ മുൻകൂട്ടി അത് സ്പീക്കർക്ക് ലഭ്യമാക്കണം. വർഷങ്ങളായി ലോക്‌സഭാ വെബ്സൈറ്റിൽ അടിയന്തര പ്രമേയം നൽകാനുള്ള ഓപ്ഷൻ വഴിയാണ് ഇത് ചെയ്തുവരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഈ ഓപ്ഷൻ  സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. 

അതേസമയം, കേരളത്തിൽനിന്നുമുള്ള എൻകെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നെറ്റ്- നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്.

വിഷയത്തിൽ, പ്രതിപക്ഷ എംപിമാർ പ്രതിഷേധം അറിയിച്ചു. വിരുദുനഗറിൽനിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിഷയത്തിൽ എക്സിൽ പ്രതികരിച്ചു. എംപിമാർക്ക് അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ കഴിയാത്ത പാർലമെൻ്റിലേക്കാണോ നമ്മൾ പോകുന്നതെന്നും എംപിമാർ ചിയർ ലീഡർമാരല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.


 

Content Highlights: option to submit Adjournment Motion disabled on Lok Sabha site