വിയോജിപ്പുകള്‍ക്കിടയിലും പ്രതീക്ഷയോടെ പ്രതിപക്ഷം; ബിജെപിക്കെതിരേ ഐക്യനിര എന്ത് മറുതന്ത്രമൊരുക്കും?

പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ നിന്ന് | Photo: ANI
പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ നിന്ന് | Photo: ANI

പട്ന: 'ചരിത്രപ്പിറവി' എന്നായിരുന്നു പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി സംയുക്ത വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ച് നേരിടാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യ ആഹ്വാനമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ ഉയർന്നത്. ഏറെക്കാലമായി പ്രതിപക്ഷ കക്ഷികൾ കാത്തിരുന്ന സഖ്യത്തിന്‍റെ സ്വരമാണ് മമത അടക്കമുള്ള നേതാക്കളിൽനിന്ന് ഉണ്ടായത്.

2024-ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ മുന്നേറ്റത്തിന് അടിത്തറയൊരുക്കുക എന്നതാണ് ഇനി പ്രതിപക്ഷ ഐക്യത്തിനു മുന്നിലുള്ള ലക്ഷ്യം. ആദ്യഘട്ടത്തിൽ, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ഡൽഹി സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് അവർ നടത്തുക എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഷിംലയിൽ ജൂലായ് രണ്ടാംവാരം മറ്റൊരു യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മാത്രമല്ല, ദേശീയ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന നീക്കം അടക്കം ബിജെപിക്കെതിരേ വിവിധ തലങ്ങളിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതാണ് തുടർന്നുള്ള ലക്ഷ്യമെന്ന് നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏജൻസികളെ ഇറക്കിയുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടും. എല്ലാ സംസ്ഥാനത്തും ഒരേ തന്ത്രമായിരിക്കില്ല പയറ്റുക. ഓരോയിടത്തും ബി.ജെ.പിയെ നേരിടാൻപ്രത്യേക പദ്ധതികൾ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണ് ജൂലൈ രണ്ടാം വാരത്തിൽ ഷിംലയിൽ വീണ്ടും യോഗം ചേരുന്നതെന്നും നേതാക്കൽ പറയുന്നു.

വിയോജിപ്പുകളുണ്ട്. എന്നാലും ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. എല്ലാവരുടേയും അഭിപ്രായങ്ങൾ പരസ്പരം പങ്കുവെക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 'ചരിത്രം തിരുത്താനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാൽ ചരിത്രം ബിഹാറിൽ നിന്ന് തുടങ്ങാനാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ ഒന്നാണ്. പട്നയിൽ പുതുചരിത്രം പിറക്കുന്നു' എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മമതയും രാഹുലും സീതാറാം യെച്ചൂരിയും ഒരുമിച്ച് ഒരു യോഗത്തിൽ പങ്കെടുത്തു എന്നത് ബിജെപിക്കെതിരായ നീക്കത്തിൽ വലിയ ചുവടുവെപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

അതേസമയം, യോഗത്തില്‍ വിവിധ കക്ഷികൾ ഐക്യത്തിനായി ശക്തമായ ആഹ്വാനം നല്‍കിയെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ചില അനിശ്ചിതത്വങ്ങളും ഉയര്‍ത്തുന്നുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് എടുക്കാതെ പ്രതിപക്ഷ ഐക്യത്തില്‍ തങ്ങളുടെ സഹകരണം ഉറപ്പുനല്‍കാനാവില്ലെന്നാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്. സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ ആംആദ്മി പാർട്ടിയുടെ നാല് പ്രതിനിധികൾ മടങ്ങിയതിനു പിന്നിൽ ഈ അതൃപ്തിയാണന്നാണ് സൂചന.

ഓര്‍ഡിനന്‍സ് പോലുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാന്‍ എഎപിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്ന് യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ അവർ വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരേ പരസ്യ നിലപാടെടുക്കുകയും കോണ്‍ഗ്രസിന്റെ എംപിമാര്‍ രാജ്യസഭയിലെ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ തുടര്‍ന്നുള്ള പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എഎപിക്ക് സാധിക്കില്ലെന്നും അവർ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ, ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഇത്തരമൊരു യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അത് പാര്‍ലമെന്റ് സമ്മളനത്തിന് മുന്‍പായി ആവാമെന്നുമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. ഓര്‍ഡിനന്‍സിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യേണ്ടത് പാര്‍ലമെന്റിലാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ സഖ്യമെന്ന പൊതുവായ ആവശ്യത്തെ മുന്നിൽനിർത്തി ഡൽഹി ഓർഡിനൻസിനായി ബിജെപി ഇതര കക്ഷികളെ അണിനിരത്തുക എന്ന തന്ത്രമാണ് എഎപി പയറ്റുന്നത്. വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് പ്രതിപക്ഷ ഐക്യത്തെയും ബാധിക്കുന്ന സാഹചര്യമാണുള്ളത്.

ഇതിനിടെ, പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ചും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പട്നയിൽ നടക്കുന്നത് പ്രതിപക്ഷ പാർട്ടികളുടെ 'ഫോട്ടോ സെഷൻ' ആണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. പ്രതിപക്ഷ ഐക്യം അസാധ്യമാണെന്നും അമിത് ഷാ പറഞ്ഞു.  'ചെന്നായ്ക്കൾ കൂട്ടത്തോടെയേ ആക്രമിക്കൂ' എന്ന് പരിഹസിച്ചു കൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. സ്വാർഥതയുടേയും കപടതയുടേയും ഐക്യമാണ് ഇതെന്നും സ്മൃതി പരിഹസിച്ചു.

Content Highlights: Opposition Unity Meeting Live Updates Will fight Lok Sabha polls together