'തിര. കമ്മിഷന്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല, വാര്‍ത്താസമ്മേളനത്തില്‍ കണ്ടത് നാണംകെട്ട പാവകളി'

ന്യൂഡല്‍ഹി: ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. തിരഞ്ഞെടുപ്പു കമ്മിഷന്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ലെന്ന് ടി.എം.സി എംപി മഹുവാ മോയിത്ര പറഞ്ഞു. ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്ടത് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ ലജ്ജാവഹമായ പാവകളി ആയിരുന്നെന്നും രാഷ്ട്രീയ യജമാനന്മാരുടെ അരികിലേക്ക് മടങ്ങിപ്പോകാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടിക ക്രമേക്കട് ആരോപണത്തിന് മറുപടി നല്‍കാന്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണം നിഷേധിച്ച മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
എന്തുകൊണ്ട് തിടുക്കപ്പെട്ട് എസ്‌ഐആര്‍ നടത്തുന്നു എന്നതിന് വിശദീകരണം നല്‍കുന്നതിനുപകരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചു. ബിഹാറിലെ എസ്‌ഐആറിനേക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ശബ്ദത പാലിച്ചു. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ എങ്ങനെ 70 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തുവെന്നതിലും അവര്‍ നിശ്ശബ്ദത പാലിച്ചു. നിഷ്പക്ഷരല്ലാത്ത ഉദ്യോഗസ്ഥരുടെ കീഴിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനരഹിതമായ പരാതികളാണ് ഉന്നയിക്കുന്നതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തെറ്റാണെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് പറഞ്ഞു. യുപിയില്‍ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആസൂത്രിതമായാണ് ഇത് നടപ്പാക്കുന്നത്. പ്രതിപക്ഷത്തിന്റെ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിക്കുകയാണ്. ഇത് ഗുരുതരമായ സംഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: opposition parties criticises eci