വീണ്ടും ഖാർഗെയുടെ ഉച്ചഭക്ഷണ ചർച്ച, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്, ബെംഗളൂരുവിൽ സിജെപി പ്രതിഷേധം, ധ്രുവ് റാഠിയും ഒപ്പം

#ന്യൂസ് ഡെസ്ക്
രാജ്ഘട്ടിലേക്ക് നീങ്ങുന്ന പ്രതിപക്ഷ എംപിമാര്‍ |ഫോട്ടോ:AP
രാജ്ഘട്ടിലേക്ക് നീങ്ങുന്ന പ്രതിപക്ഷ എംപിമാര്‍ |ഫോട്ടോ:AP

ന്യൂഡൽഹി/ബെംഗളൂരു: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടർച്ചയായ മൂന്നാംദിനത്തിലേക്ക് കടന്നു. ആദ്യദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കും മാർച്ച് നടത്തിയ എംപിമാർ മൂന്നാംദിനം രാജ്ഘട്ടിലേക്ക് പോകുകയാണ്.

ബുധനാഴ്ചയിലെ നീക്കങ്ങൾക്ക് സമാനമായി കൊണാട്ട് പ്ലേസിലെ ഒരു റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണമൊരുക്കി. ഉച്ചഭക്ഷണത്തിനിടെ നടത്തിയ കൂടിയാലോചനകൾക്കുശേഷം എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു. എംപിമാർക്ക് പോകുന്നതിനായി ബസുകൾ തയ്യാറാക്കിയിരുന്നു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും എംപിമാരെ അനുഗമിക്കുന്നുണ്ട്.

'അജണ്ടയിൽ മാറ്റമൊന്നുമില്ല, അത് അതേപടി തുടരുന്നു. ഗ്യാനേഷ് കുമാർ രാജിവയ്ക്കണം, അത് സംഭവിക്കുകയും ചെയ്യും. ഇത് ഇന്ത്യ സഖ്യത്തിന്റെമാത്രം ആവശ്യമല്ല, മറിച്ച് രാജ്യത്തിന്റെയാകെ ആവശ്യമാണ്. രാജ്യത്തിന്റെ ഈ ആവശ്യത്തിനായി ഇന്ത്യ സഖ്യം തെരുവിലിറങ്ങുകയാണ്. ഞങ്ങളെ എവിടെ തടയുന്നുവോ അവിടെയെല്ലാം പ്രതിഷേധങ്ങൾ ഉണ്ടാകും' കോൺഗ്രസ് എംപി പവൻ ഖേര പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങൾ വിലക്കേർപ്പെടുത്തിയ ഡൽഹി പോലീസ് കനത്ത സുരക്ഷാവലയമാണ് തീർത്തിരിക്കുന്നത്.

ഇതിനിടെ വോട്ടർ പട്ടിക അട്ടിമറി ആരോപിച്ച് ബെംഗളൂരുവിൽ സിജെപിയുടെ ഫ്രീഡം പാർക്ക് പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. സിജെപി നേതാക്കൾക്കൊപ്പം ആക്ടിവിസ്റ്റും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജ് അടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

എസ്‌ഐആർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രകാശ് രാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഞാനിവിടെ ഒരു ഭരണമാറ്റം ആവശ്യപ്പെട്ടല്ല വന്നിരിക്കുന്നതെന്ന് ധ്രുവ് റാഠി പ്രതിഷേധത്തിനിടെ പറഞ്ഞു.

Content Highlights: Opposition MPs continue their protest for the third consecutive day demanding CEC Gyanesh Kumar's resignation., Protests include marches towards Rajghat following meetings hosted by Mallikarjun Kharge., Simultaneous protests led by CJP, Dhruv Rathee, and Prakash Raj are ongoing in Bengaluru against voter list tampering and SIR procedures.