NHRC ചെയർപേഴ്‌സൺ: രാഹുലും ഖാര്‍ഗെയും ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് സര്‍ക്കാരിന് കൈമാറിയേക്കും

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അടുത്ത ചെയർപേഴ്‌സണായി ജസ്റ്റിസ് കെ.എം. ജോസഫിനെ നിയമിക്കണമെന്ന് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടേക്കും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും പങ്കെടുത്തിരുന്നു. കമ്മിഷന്റെ അധ്യക്ഷനായും അംഗങ്ങളായും പരിഗണിക്കുന്നവരുടെ പേരുകള്‍ മുന്‍കൂറായി കൈമാറാത്തതിനാല്‍ എതിര്‍പ്പ് രേഖപെടുത്തി തിരഞ്ഞെടുപ്പ് നടപടികളോടുള്ള വിയോജന കുറിപ്പ് പ്രതിപക്ഷ നേതാക്കള്‍ രേഖപ്പെടുത്തും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് സമീപകാലത്ത് വിരമിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉള്‍പ്പടെയുള്ളവരെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.എം.ജോസഫിനെ ചെയർപേഴ്‌സണായി നിയമിക്കണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്. കമ്മിഷന്റെ അംഗങ്ങളായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് വി.രാമസുബ്രമണ്യം, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച അഖില്‍ ഖുറേഷി, ഒറീസ്സ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച എസ്. മുരളീധര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാന്‍ ഹരിവംശ് എന്നിവരടങ്ങിയ സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. എന്നാല്‍ കമ്മിഷന്റെ അടുത്ത ചെയർപേഴ്‌സണായും അംഗങ്ങളായും പരിഗണിക്കുന്നവരുടെയും പാനല്‍ മുന്‍കൂറായി കൈമാറാത്തതിലുള്ള എതിര്‍പ്പ് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും അറിയിച്ചു. ഇരുവരും തിരഞ്ഞെടുപ്പ് നടപടികളിലുള്ള എതിര്‍പ്പ് രേഖപ്പെടുത്തി വിയോജനക്കുറിപ്പ് കൈമാറുമെന്നാണ് സൂചന.
ജൂണ്‍ ഒന്നിന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര സ്ഥാനം ഒഴിഞ്ഞതിന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന് സ്ഥിരം അധ്യക്ഷനില്ലായിരുന്നു. കമ്മീഷന്‍ അംഗമായ വിജയ ഭാരതി സയാനിയാണ് നിലവില്‍ ആക്ടിങ് ചെയർപേഴ്‌സൺ.
Content Highlights: Opposition Demands Justice KM Joseph as NHRC Chief