ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ എസ്-400 മിസൈൽ ലക്ഷ്യം കണ്ടത് 314 കി.മീ. അകലെവെച്ച്, ഇത്രയും ദൂരത്തിൽ ലക്ഷ്യം നേടുന്നത് ആദ്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ സവിശേഷദൗത്യമേറ്റെടുത്ത് നീങ്ങിയ പ്രത്യേക എയർക്രാഫ്റ്റിനെ ഇന്ത്യയുടെ എസ്-400 മിസൈൽ യൂണിറ്റ് തകർത്തത് 314 കിലോമീറ്റർ ദൂരെവെച്ച്. ഇത്രയും ദൂരപരിധിയിൽനിന്ന് മിസൈൽ ലക്ഷ്യം നേടുന്നത് ആദ്യം.
പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് എസ്-400 മിസൈൽ ഓപ്പറേഷൻ സിന്ദൂറിൽ വഹിച്ച പങ്കിനെക്കുറിച്ച് വിശദമാക്കുന്നത്. എസ്-400 മിസൈൽ പാക് യുദ്ധവിമാനത്തെ തകർത്ത സംഭവത്തെ ‘ദൈർഘ്യമേറിയ ഭൂതല- വ്യോമ സംഹാരം’ എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്.
റഡാറുകൾവഴി ശത്രുഭീഷണി കണ്ടെത്തി മിസൈൽ ദീർഘദൂരത്തിൽ ലക്ഷ്യസ്ഥാനം തകർക്കുകയായിരുന്നു. ഭൂമിയിലോ ആകാശത്തോ ഇന്ത്യൻ വ്യോമസേനയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഒരു ഭാഗവും ഇന്ന് നിലവിലില്ലെന്നും റിപ്പോർട്ട് പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരതാവളങ്ങളെയും സൈനിക സംവിധാനങ്ങളെയുംമാത്രം ലാക്കാക്കിയായിരുന്നു ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടപ്പാക്കിയത്. എന്നാൽ, പാകിസ്താൻ പ്രത്യാക്രമണം നടത്തിയതോടെയാണ് എസ്-400 മിസൈലുകൾ നിർണായകമായത്.