ഉരുള്‍പൊട്ടലില്‍ കല്ലുകളും മരങ്ങളും ട്രാക്കില്‍: ഊട്ടി പൈതൃക തീവണ്ടി സര്‍വീസ് റദ്ദാക്കി

ഉരുള്‍പൊട്ടി റെയില്‍വേ ട്രാക്കിലേക്ക് വീണ പാറക്കല്ലുകള്‍ | ഫോട്ടോ: മാതൃഭൂമി
ഉരുള്‍പൊട്ടി റെയില്‍വേ ട്രാക്കിലേക്ക് വീണ പാറക്കല്ലുകള്‍ | ഫോട്ടോ: മാതൃഭൂമി

ഊട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച രാവിലെ കല്ലാറിനും കൂനൂരിനും ഇടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റെയില്‍പാളത്തിലേക്ക് പാറക്കല്ലുകളും മരങ്ങളും ചെളിയും വീണതോടെയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്‌.

 06136 നമ്പര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാനിരിക്കെ ഉരുള്‍പൊട്ടലുണ്ടായ വിവരത്തെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കുകയായിരുന്നു. ട്രാക്കിലൂടെ ഗതാഗതം അസാധ്യമായതിനാല്‍ മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയില്‍ തീവണ്ടി ഓടിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെയാണ് മലയോര തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയത്. 


ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് മുകളില്‍ വീണ മരം | ഫോട്ടോ: മാതൃഭൂമി

മേട്ടുപ്പാളയം-ഉദഗമണ്ഡലം മീറ്റര്‍ഗേജ് പാസഞ്ചര്‍ സ്‌പെഷ്യല്‍ (ട്രെയിന്‍ നമ്പര്‍ 06136), ഉദഗമണ്ഡലം-കൂനൂര്‍ മീറ്റര്‍ഗേജ് പാസഞ്ചര്‍ സ്‌പെഷ്യല്‍ (ട്രെയിന്‍ നമ്പര്‍ 06142) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. രണ്ട് തീവണ്ടികളിലെയും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. 

റെയില്‍പാളത്തിലെ തടസം നീക്കി തീവണ്ടി സര്‍വ്വീസ് പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 

Content Highlights: Ooty Nilgiri heritage train services cancelled due to landslide on railway track.