ആന്ധ്രയിൽ ഒഎൻജിസിയുടെ എണ്ണക്കിണറിലെ പൈപ്പ്‌ലൈൻ ചോർന്ന് വൻ തീപ്പിടിത്തം; മൂന്ന് ഗ്രാമങ്ങൾ ഒഴിപ്പിച്ചു

കാക്കിനട: ആന്ധ്രാപ്രദേശിലെ ഒഎൻജിസിയുടെ എണ്ണക്കിണറിൽ വൻ തീപ്പിടിത്തം. ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലുള്ള ഒഎൻജിസിയുടെ മോറി-5 (Mori-5) ഗ്യാസ് കിണറിലെ പൈപ്പ്‌ലൈനിലാണ് ചോർച്ചയും വൻ തീപ്പിടുത്തവുമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. നിരവധിപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.
മാലിക്പുരം മണ്ഡലിലെ ഗ്യാസ് കിണറിലെ പൈപ്പ് ലൈനിൽ ഡീപ് ഇൻഡസ്ട്രീസ് കമ്പനി ഡ്രില്ലിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈപ്പ് ലൈനിൽ വിള്ളലുണ്ടായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ പുറത്തേക്ക് തെറിക്കുകയും തീപ്പിടിച്ച് സ്ഫോടനം നടക്കുകയുമായിരുന്നെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കറുത്ത പുക പടരുന്ന സാഹചര്യത്തിൽ സമീപത്തെ മൂന്ന് ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു. മാലിക്പുരം മണ്ഡലിന്റെ പല ഭാഗങ്ങളിലും തീയും പുകയും പടർന്നതോടെ ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
#WATCH | A major gas leak from an operational ONGC oil well caused widespread panic in a village in Andhra Pradesh's Konaseema district.
The incident occurred while repair works were underway using a workover rig after the well had temporarily halted production. During the… pic.twitter.com/JVoJOictyQ— NDTV (@ndtv) January 5, 2026
അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ കാക്കിനടയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ നടപടിയുടെ ഭാഗയായി സമീപത്തെ ഗ്രാമങ്ങളിലേക്കുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നതിനായി ഒഎൻജിസി സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഖം രേഖപ്പെടുത്തി. അപകടകാരണവും നിലവിലെ സാഹചര്യവും സംബന്ധിച്ച് ഉദ്യോഗസ്ഥരോട് അന്വേഷച്ചതായി അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഗവർണർ എസ്. അബ്ദുൾ നസീർ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ഒഎൻജിസിയുടെ രാജമൺഡ്രി അസറ്റിലെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനായി 2024-ൽ 1,402 കോടി രൂപയുടെ കരാറാണ് ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നേടിയത്. കഴിഞ്ഞ ഒരു വർഷമായി മോറി-5 ഗ്യാസ് കിണറിലെ പ്രവർത്തനങ്ങൾ ഈ കമ്പനിയുടെ കീഴിലാണ് നടന്നുവരുന്നത്. നിലവിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Content Highlights: ONGC pipeline bursts in Andhra Pradesh, causing a massive fire and evacuation of three villages. Authorities investigating the incident.