ലോക്ക്ഡൗണിനു ശേഷം സേവനങ്ങൾ അടിമുടി മാറും; ശൗചാലയ ഉപയോഗവും ഭക്ഷണവിതരണവും നിയന്ത്രിച്ച് എയർലൈനുകൾ

ന്യൂഡൽഹി: ലോക്ക് ഡൗണിനുശേഷം നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ ക്രൂ അംഗങ്ങള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയും ഫ്‌ളൈറ്റിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും ഫ്‌ളൈറ്റില്‍ ഭക്ഷണവിതരണം ഒഴിവാക്കിയും വ്യോമഗതാഗതം പുന:സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങി .

മെയ് 3ന് ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നതു സംബന്ധിച്ച് വിമാനത്താവളം അധികൃതർ നടത്തിയ യോഗത്തിൽ ധാരണകളായി. ഡല്‍ഹി വിമാനത്താവളം അധികൃതര്‍, വിവിധ എയര്‍ലൈന്‍ പ്രതിനിധികള്‍, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവര്‍ കൂടിയാലോചിച്ചാണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിച്ചത്.

സുരക്ഷാ പരിശോധനയ്ക്കായി വരി നില്‍ക്കുന്ന സമ്പ്രദായവും ഒഴിവാക്കും.  പുതിയ നിയന്ത്രണങ്ങള്‍ മൂലം സാധാരണയില്‍ കൂടുതല്‍ സമയമെടുത്തേ യാത്രികര്‍ക്ക് ബോര്‍ഡ് ചെയ്യാന്‍ സാധിക്കൂ. 

യാത്രക്കാരന്‍ ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ശരീര താപനില പരിശോധിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറയുന്നു.

"വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കാത്തവരെ മാത്രമേ ടെര്‍മിനലിലേക്ക് കടത്തി വിടൂ. ഫെയ്‌സ്മാസ്‌ക് ഇല്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിക്കും. സുരക്ഷാ പരിശോധനയ്ക്ക് വരിനില്‍ക്കേണ്ടി വരില്ല. പകരം, എയര്‍ലൈന്‍ ജീവനക്കാരുടെ സഹായത്തോടെ യാത്രക്കാരെ ബാച്ചുകളായി തിരിച്ച് ചെക്ക് ഇന്‍ ഏരിയയില്‍ ഇരിപ്പിടം ക്രമീകരിക്കും. സാമൂഹിക അകലം ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഇരിപ്പിടം ക്രമീകരിക്കുക. ഇതിനായി വിമാനത്താവളത്തില്‍ പുതിയ സീറ്റുകളൊരുക്കും".

സുരക്ഷാ പരിശോധന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് മാത്രമേ നടത്തൂ. ശരീരം തൊട്ടുള്ള പരിശോധന ഒഴിവാക്കും.

പുതിയ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും വ്യോമയാന വകുപ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്. യാത്രക്കാരും ഫ്‌ളൈറ്റ്‌ ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം കുറക്കാന്‍ ഭക്ഷണ വിതരണമോ പലഹാര പാനീയ വിതരണമോ താത്ക്കാലികമായി ഫ്‌ളൈറ്റില്‍ നിര്‍ത്തിവെക്കും. വെള്ളം മാത്രമായിരിക്കും നല്‍കുക. പരമാവധി ഇരിപ്പിടത്തില്‍ തന്നെ യാത്രക്കാരോട് ലാന്‍ഡിങ് വരെ തുടരാന്‍ പ്രേരിപ്പിക്കും. ശൗചാലയ ഉപയോഗവും പരിമിതപ്പെടുത്തണമെന്ന് യാത്രക്കാരോട് നിര്‍ദേശിക്കും.

ബോര്‍ഡിങ് പാസ്സ് വീട്ടില്‍  നിന്ന് വരുമ്പോള്‍ കൊണ്ടുവരാന്‍ പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാല്‍ വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഘടകം പരാമര്‍ശങ്ങളിലില്ല. വിമാനങ്ങളിലെ ഇരിപ്പിടങ്ങളെ കുറിച്ചോ ഉള്ളില്‍ സാമൂഹിക അകലം പാലിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ചോ വ്യക്തത ലഭിച്ചിട്ടില്ല.

മാര്‍ച്ച് 25നാണ് ഇന്ത്യ എല്ലാ ആഭ്യന്തര വിമാന സര്‍വ്വീസുകളും നിര്‍ത്തി വെച്ചത്. മാര്‍ച്ച് 22നാണ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്‌

content highlights: Once flights resume in Delhi’s Indira Gandhi International Airport ,these are the restrictions

Content Highlights: