ഒഡീഷയിൽ മെഡിക്കൽ PG പരീക്ഷയിൽ ക്രമക്കേട്: ചോദ്യപേപ്പർ സാമൂഹിക മാധ്യമങ്ങളിൽ, അന്വേഷണം

ഭുവനേശ്വർ: ഒഡീഷയിൽ മെഡിക്കൽ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാസമയത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ജൂലായ് 27-ന് നടന്ന എം.എസ്/എം.ഡി 2023-26 ബാച്ചിന്റെ ജനറൽ സർജറി രണ്ടാം പേപ്പറിന്റെ ചിത്രങ്ങളാണ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരീക്ഷാ സമയത്ത് പ്രചരിച്ചത്. ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനൊപ്പം ചില ഫോൺ നമ്പറുകളിൽ നിന്ന് ഉത്തരങ്ങളും പരീക്ഷാ സമയത്ത് കൈമാറ്റം ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് ഗ്രൂപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ലഭിച്ചതായി ഭുവനേശ്വറിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥി അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബെർഹാംപുർ എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥി രൂപീകരിച്ച ഗ്രൂപ്പിൽ നിന്നാണ് ഈ ചിത്രങ്ങൾ പ്രചരിച്ചതെന്നാണ് വിവരം. ഇതേത്തുടർന്ന് ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ അടിയന്തര യോഗം വിളിക്കുകയും വരാനിരിക്കുന്ന പരീക്ഷകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ചോദ്യപേപ്പർ ചോർച്ചയല്ല നടന്നതെന്ന് എം.കെ.സി.ജി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഹരേകൃഷ്ണ ദലായ് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരീക്ഷ തുടങ്ങുന്നതിന് മുൻപ് ചോദ്യപേപ്പർ പുറത്തുവന്നാൽ മാത്രമേ അതിനെ 'ചോർച്ച' എന്ന് വിളിക്കാനാകൂ എന്നും ഇവിടെ പരീക്ഷാ ഹാളിനുള്ളിൽ നിന്നാണ് ചോദ്യപേപ്പർ പകർത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഹാളിനുള്ളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടും കർശനമായ പരിശോധനകൾ നടത്തിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായതിൽ വിമർശനം ശക്തമാണ്.
2023-26 ബാച്ചിന്റെ തിയറി പരീക്ഷകൾ ജൂലായ് 21-നാണ് ആരംഭിച്ചത്. എം.കെ.സി.ജി മെഡിക്കൽ കോളേജിൽ മാത്രം 154 വിദ്യാർഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഓഗസ്റ്റ് 1, ഓഗസ്റ്റ് 5 തീയതികളിൽ പരീക്ഷകൾ നടക്കാനുണ്ട്. ഈ പരീക്ഷകൾ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താനാണ് അധികൃതരുടെ തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർവ്വകലാശാല അധികൃതർ.
Content Highlights: Odisha University of Health Sciences probes alleged sharing of PG medical exam papers on WhatsApp.