'പുതിയ ക്രിമിനല്‍ നിയമത്തില്‍ ശിക്ഷയ്ക്ക് പകരം നീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'- അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ന് പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് നിയമങ്ങളുടെ യുഗത്തിന് അറുതി വരുത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ സമ്പൂര്‍ണ സ്വദേശിയാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നമ്മുടെ ഭരണഘടനയുടെ ആത്മാവിന് അനുസൃതമാണ് പുതിയ നിയമങ്ങള്‍. അത് നടപ്പാക്കിക്കഴിഞ്ഞാല്‍ ഏറ്റവും ആധുനികമായ നിയമമായി അവ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പല ഗ്രൂപ്പുകള്‍ക്കും പ്രയോജനം ചെയ്യുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
'ദണ്ഡിന് പകരം ഇപ്പോള്‍ ന്യായ് ആണുള്ളത്. കാലതാമസത്തിന് പകരം വേഗത്തിലുള്ള വിചാരണയും വേഗത്തിലുള്ള നീതിയും ഉണ്ടാകും. നേരത്തെ പോലീസിന്റെ അവകാശങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെട്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും'അമിത് ഷാ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
നമ്മുടെ ഭരണഘടനയുടെ ആത്മാവിന് അനുസൃതമായിട്ടാണ് സെക്ഷനുകളുടെയും അധ്യായങ്ങളുടെയും മുന്‍ഗണന തങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ഇത് വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ചകളില്ലാതെ നിയമങ്ങള്‍ പാസാക്കുന്നുവെന്ന ആരോപണം അമിത് ഷാ തള്ളി, 'രാജ്യത്തിന്റെ ചരിത്രത്തില്‍ മറ്റൊരു നിയമവും പാര്‍ലമെന്റില്‍ ഇത്രയും വിശദമായി ചര്‍ച്ച ചെയ്തിട്ടില്ല' അദ്ദേഹം പറഞ്ഞു.
പുതിയ ക്രിമിനല്‍ നിയമത്തില്‍ 90 ശതമാനം ശിക്ഷാനിരക്കാണ് പ്രതീക്ഷിക്കുന്നത്. അത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കും. പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ആശങ്കയുള്ള ഏത് പ്രതിപക്ഷ നേതാവിനെയും കാണാന്‍ താന്‍ തയ്യാറാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Content Highlights: nyay instead of dand-Amit Shah details 3 new criminal laws