നീറ്റ് ചോദ്യപേപ്പർ ചോർച്ച: വീഴ്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

#ന്യൂസ് ഡെസ്ക്
വിദ്യാര്‍ഥിസംഘടനകളുടെ പ്രതിഷേധസമരം | Photo:  PTI
വിദ്യാര്‍ഥിസംഘടനകളുടെ പ്രതിഷേധസമരം | Photo: PTI

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെന്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.

മൂന്ന് മണിക്കൂറോളം ഈ യോഗം നീണ്ടുനിന്നിരുന്നു. ഇതിലാണ് വിഴ്ചയുണ്ടായതായി എൻടിഎ സമ്മതിച്ചിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനാണ് ശ്രമം നടത്തിയതെങ്കിലും വീഴ്ച വന്നതിൽ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എൻടിഎ സമ്മതിച്ചിട്ടുള്ളത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൻടിഎ സമിതിയെ അറിയിച്ചു.

മേയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21-ന് പുനഃപരീക്ഷ നടത്തും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു.

പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.

ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പർ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നതായാണ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. പരീക്ഷാ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: NTA officially admitted to lapses in the conduct of NEET 2026., Parliamentary committee summoned NTA officials for a three-hour inquiry., Re-examination for affected students is scheduled for June 21., CBI is currently leading the investigation into the paper leak origin (Nasik)., No new registration or fees required for students appearing in the re-exam.