പുതിയ ആശയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചാൽ ഇന്ത്യയെ വികസിതരാജ്യമാക്കാം- നാരായണ മൂർത്തി

#ന്യൂസ് ഡെസ്ക്

സോനിപത്: പുതിയ ആശയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യയെ ഭാവിയിൽ വികസിത രാജ്യമാക്കാനുള്ള മാർഗമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ 17-ാമത് സർവകലാശാലാ ദിനാഘോഷത്തിൽ ‘നൈതിക നേതൃത്വം, പരിവർത്തനാത്മക വളർച്ച, സാങ്കേതികവിദ്യ-ഇൻഫോസിസ് കഥയും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായ നേട്ടങ്ങളേക്കാൾ കഠിനാധ്വാനം, സത്യസന്ധത, മര്യാദ, സമഗ്രത എന്നീ മൂല്യങ്ങൾ യുവാക്കൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി അദ്ദേഹം പ്രത്യേക സംവാദവും നടത്തി. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്നും അവയിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പരാജയങ്ങളെ തരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിൽനിന്ന് ബഹുമാനം നേടുക എന്നതാണ് ഒരു സംരംഭകന്റെ ഏറ്റവും സംതൃപ്തിനൽകുന്ന നേട്ടമെന്നും തന്റെ ആദ്യ സംരംഭം പരാജയപ്പെട്ടതിനുശേഷമാണ് ഇൻഫോസിസ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞർ തങ്ങളുടെ ഗവേഷണ ഫലത്തിനായി നിരന്തരം പരിശ്രമിക്കുന്നതുപോലെ, പരാജയങ്ങളിൽ തളരാതെ യുക്തിസഹമായി ചിന്തിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.

യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ദബീരു ശ്രീധർ പട്നായിക് സ്വാഗത പ്രസംഗം നടത്തി. ജെ.ജി.യു. സ്ഥാപക വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി. രാജ് കുമാർ, ജിൻഡാൽ സ്കൂൾ ഓഫ് ഗവൺമെന്റ് ആൻഡ് പബ്ലിക് പോളിസി ഡീൻ പ്രൊഫ. ആർ. സുദർശൻ, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ജയരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി 'ജെ.ജി.യു. റിസർച്ച് റിപ്പോർട്ട് 2026' അതിഥികൾ ചേർന്ന് പ്രകാശനം ചെയ്തു. എഐ, സ്മാർട്ട് സിറ്റികൾ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ലിംഗസമത്വം, മൈക്രോ-ക്രെഡിറ്റ് തുടങ്ങിയ മേഖലകളിൽ ഈ ഗവേഷണങ്ങൾ നിർണായകമാണെന്ന് റിസർച്ച് ഡീൻ പ്രൊഫ. അർപ്പിത ഗുപ്ത വ്യക്തമാക്കി. ജിൻഡാൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് ഡീൻ പ്രൊഫ. ഹിന്ദോൾ സെൻഗുപ്ത നന്ദി പറഞ്ഞു.

Content Highlights: NR Narayana Murthy addressed JGU's 17th Foundation Day focusing on ethical leadership and innovation., Emphasized that new ideas and entrepreneurship are key to making India a developed nation., JGU Research Report 2026 was released during the event, highlighting 11,000 research publications.