പാല്‍ഘര്‍ സംഭവത്തില്‍ അറസ്റ്റിലായവരില്‍ മുസ്ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

Photo: ANI
Photo: ANI

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ 101 പേരില്‍ മുസ്ലിംകളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് . പ്രതിപക്ഷം സംഭവത്തെ വര്‍ഗീയമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

സംഭവം നടന്ന എട്ട് മണിക്കൂറിനുള്ളില്‍ അതുമായി ബന്ധപ്പെട്ട് 101 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തുള്ള കാട്ടിലേയ്ക്ക് രക്ഷപെട്ട അവരെ പോലീസ് പിടികൂടുകയായിരുന്നു. ഈ 101 പേരില്‍ ഒരാള്‍ പോലും മുസ്ലീമല്ല. - ദേശ്മുഖ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി സംസാരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം. 

സംഭവത്തിന് രാഷ്ട്രീയമാനം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് നിര്‍ഭാഗ്യകരമാണ്. വര്‍ഗീയ രാഷ്ട്രീയവും ചിലര്‍ കളിക്കുന്നാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇത് രാഷ്ട്രീയം കളിക്കാനുളള സമയമല്ലെന്നും മറിച്ച് കൊറോണയ്ക്കെതിരേ യോജിച്ച് പോരാടേണ്ട സമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

തെറ്റിദ്ധാരണയുടെ പേരിലാണ് സംഭവം നടന്നതെന്നും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ അഭ്യര്‍ത്ഥിച്ചു. വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും ഇതില്‍ ഹിന്ദു-മുസ്ലിം പ്രശ്നമോ വര്‍ഗീയതയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ രണ്ട് പോലിസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഏപ്രില്‍ 16-ന് രാത്രിയാണ് പാല്‍ഘറിന് സമീപം ധാബാഡി-ഖന്‍വേല്‍ റോഡില്‍ ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍ കാറിലെത്തിയ രണ്ട് സന്ന്യാസിമാരെയും അവരുടെ ഡ്രൈവറെയും നാട്ടുകാര്‍ തല്ലിക്കൊന്നത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി സൂറത്തിലേക്ക് പോവുകയായിരുന്ന സുശീല്‍ ഗിരി മഹാരാജ്(35), നിതീഷ് തെല്‍ഗെണ(35) മഹാരാജ് കല്‍പവൃക്ഷഗിരി(70) എന്നിവരാണ് കൊല്ലപ്പെട്ടത്.

സുശീല്‍ ഗിരി മഹാരാജും മഹാരാജ് കല്‍പവൃക്ഷഗിരിയും ശ്രീ പഞ്ച് ദഷ്‌നം ജുന അഖാഡയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയിയാണ് ശ്രീ പഞ്ച് ദഷ്‌നം ജുന അഖാഡയുടെ ആസ്ഥാനം. ഏതാണ് 4,00,00 സന്ന്യാസിമാര്‍ ഈ അഖാഡയിലുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുക്കുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നൂറിലധികം പേരാണ് കാര്‍ തടഞ്ഞു നിര്‍ത്തി കല്ലും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്. 

Content Highlights: No Muslim arrested for Palghar lynching incident: Maharashtra minister Anil Deshmukh

Content Highlights: