ഓണം: ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഇനി സ്‌പെഷ്യൽ ട്രെയിനുകളുണ്ടാകില്ല; പൂജാ അവധിക്ക് ട്രെയിനുകൾ

ചെന്നൈ: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി ഓണം പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. ഓണത്തിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടി കൊല്ലത്തേക്കും ഒരു വണ്ടി കണ്ണൂരിലേക്കുമാണ് ഇതുവരെ സര്‍വീസ് നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ തിരക്കിനനുസരിച്ച് പ്രത്യേക തീവണ്ടികള്‍ കേരളത്തിലേക്ക് അനുവദിച്ചിരുന്നു. ഇത്തവണ ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ ട്രാന്‍സ്‌പോര്‍ട്ട് ബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ട്രാക്കും ടെക്നിക്കല്‍ സ്റ്റാഫും ഇല്ലെന്ന് പറഞ്ഞ് ഓപ്പറേഷന്‍ വിഭാഗം നിര്‍ദേശം തള്ളുകയായിരുന്നു.
അതേസമയം, പൂജ, ദീപാവലി തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എറണാകുളത്തുനിന്ന് സെപ്റ്റംബര്‍ 25, ഒക്ടോബര്‍ രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ (വ്യാഴാഴ്ചകളില്‍) പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. എറണാകുളത്തുനിന്ന് വ്യാഴാഴ്ചകളില്‍ വൈകീട്ട് 6.15-ന് പുറപ്പെടുന്ന തീവണ്ടി(06146) പിറ്റേന്ന് രാവിലെ 7.30-ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
സെപ്റ്റംബര്‍ 26, ഒക്ടോബര്‍ മൂന്ന്, 10, 17, 24 എന്നീ തീയതികളില്‍(വെള്ളിയാഴ്ചകളില്‍) രാവിലെ 10.30-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി(06145) രാത്രി 11-ന് എറണാകുളത്തെത്തും. ഷൊര്‍ണൂര്‍, പോത്തന്നൂര്‍, ഈറോഡ്, ജോലാര്‍പ്പേട്ട വഴിയാണ് തീവണ്ടി പോകുക. തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബര്‍ 24, ഒക്ടോബര്‍ ഒന്ന്, എട്ട്, 15, 22 ബുധനാഴ്ചകളില്‍ രാവിലെ 7.30-ന് തിരിക്കുന്ന തീവണ്ടി (06150) പുലര്‍ച്ചെ 12.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ചെന്നൈയില്‍നിന്ന് സെപ്റ്റംബര്‍ 25, ഒക്ടോബര്‍ രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ പുലര്‍ച്ചെ നാലിന് തിരിക്കുന്ന തീവണ്ടി (06149) അതേ ദിവസം രാത്രി ഒന്‍പതിന് തിരുവനന്തപുരത്ത് എത്തും.
Content Highlights: Southern Railway unlikely to announce additional Onam special trains from Chennai to Kerala.