'വീണ്ടും ഞങ്ങള്‍ അധികാരത്തിലേറുമെന്ന് ഉറപ്പില്ലായിരിക്കാം, പക്ഷെ അത്താവലെ..' തമാശ പറഞ്ഞ് ഗഡ്കരി

നിതിൻ ഗഡ്കരി | Photo: PTI
നിതിൻ ഗഡ്കരി | Photo: PTI

നാഗ്പുര്‍: സ്ഥിരമായി കേന്ദ്ര മന്ത്രിസഭയില്‍ ഇടംപിടിക്കുന്ന രാംദാസ് അത്താവലയെക്കുറിച്ച് തമാശ പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 'ഞങ്ങളുടെ സര്‍ക്കാര്‍ നാലാം തവണയും അധികാരത്തിലേറുമെന്ന് ഉറപ്പില്ലായിരിക്കാം, പക്ഷേ അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്'  ഗഡ്കരി പറഞ്ഞു. നാഗ്പുരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പരാമര്‍ശം.

അത്താവലെയെ സാക്ഷിയാക്കി കൊണ്ടായിരുന്നു പ്രസംഗം. താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്ന് ഗഡ്കരി പിന്നീട് വിശദീകരിക്കുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ അത്താവലെ മൂന്ന് തവണ കേന്ദ്ര മന്ത്രിയായിട്ടുണ്ട്. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് ചടങ്ങില്‍ അദ്ദേഹം പറയുകയും ചെയ്തു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തില്‍ ചേര്‍ന്ന് തന്റെ പാര്‍ട്ടിയും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ 12 സീറ്റുകള്‍ വരെ ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ മഹായുതി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന് അടുത്തിടെ രാംദാസ് അത്താവലെ പറഞ്ഞിരുന്നു.


 

Content Highlights: No Guarantee For Our 4th Term-Nitin Gadkari Jokes In Nagpur