കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേത് ഇരട്ട സംവരണമല്ല, നേരിട്ടുള്ള നിയമനമാണ്- സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പെടുത്തിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കെഎഎസ്സിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തില്‍ ആയതിനാല്‍ പുതിയ നിയമനമാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നേരിട്ട് പ്രവേശനം ലഭിക്കാന്‍ അപേക്ഷ നല്കുന്നവര്ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് കെഎഎസിലേക്ക് പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരീക്ഷയും ഇന്റര്‍വ്യൂവും പാസാകേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് കെഎഎസിലേക്ക് എത്തുന്നവര്‍ക്ക് സര്‍വീസിന്റെ തുടര്‍ച്ച ലഭിക്കില്ല. ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ ഉള്ള സീനിയോറിറ്റി മാത്രമേ ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ ഒരിക്കല്‍ സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർ സർവീസിൽ നിന്ന് എത്തുന്നവർക്ക് സംവരണം ബാധകമാക്കിയ സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സമസ്ത നായർ സമാജം എന്ന സംഘടനയും ചില ഉദ്യോഗാർത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരിക്കല്‍ സംവരണത്തിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രവേശനത്തിന് സംവരണം നല്‍കുന്നത് ഇരട്ട സംവരണം ആണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇരട്ട സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് നിയമനം നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും ചൂണ്ടിക്കാട്ടി. നിയമന മാനദണ്ഡങ്ങള്‍, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പി.എസ്.സിയും കോടതിയില്‍ വ്യക്തമാക്കി. പിഎസ്സിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് വി.ഗിരിയും അഭിഭാഷകന് വിപിന്‍ നായരുമാണ് ഹാജരായത്. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് ഗുരു കൃഷ്ണകുമാര്‍, വി. ചിദംബരേഷ്, അഭിഭാഷകരായ വി. കെ. ബിജു, ഗിരീഷ് കുമാര്‍ എന്നിവര്‍ ഹാജരായി.
Content Highlights: no double reservation in Kerala Administrative Service- Supreme Court