ഛഠ് പൂജ ഉത്സവം: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡല്‍ഹിയില്‍ മദ്യനിരോധനം

പ്രതീകാത്മക ചിത്രം | ഫോട്ടോ: Gettyimages
പ്രതീകാത്മക ചിത്രം | ഫോട്ടോ: Gettyimages

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ ആഘോഷിക്കാനും തോറ്റാല്‍ സങ്കടം തീര്‍ക്കാനുമായി രണ്ടെണ്ണം 'അടിക്കണ'മെങ്കില്‍ ഡല്‍ഹിക്കാര്‍ നിരാശപ്പെടും. ലോക കിരീടത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ഞായറാഴ്ച ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി എക്‌സൈസ് വകുപ്പ്. പക്ഷേ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരമല്ല മദ്യനിരോധനത്തിന് കാരണം. 

നാല് ദിവസം നീളുന്ന ഛഠ് പൂജ ഉത്സവത്തിന്റെ ഭാഗമായാണ് ഫൈനല്‍ നടക്കുന്ന ദിവസം ഡല്‍ഹിയില്‍ മദ്യം നിരോധിച്ചിരിക്കുന്നത്. ഉത്സവം നടക്കുന്ന നവംബര്‍ 17 മുതല്‍ 20 വരെയാണ് ഡല്‍ഹിയില്‍ മദ്യനിരോധനം. ഡല്‍ഹി എക്‌സൈസ് നിയമത്തിലെ 52-ാം വകുപ്പ് പ്രകാരമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. 

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നടക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.  ദീപാവലിക്ക് ശേഷമുള്ള ആറാമത്തെ ദിവസമാണ് സൂര്യഷഷ്ഠി എന്നും അറിയപ്പെടുന്ന ഛഠ് പൂജ ആഘോഷിക്കുന്നത്.

Content Highlights: No booze in New Delhi on world cup final as government declares dry day for chhath festival