നിതീഷിന് വിഭ്രാന്തി; രാഷ്ട്രീയമായി ഒറ്റപ്പെട്ടു, പ്രായം അദ്ദേഹത്തെ ബാധിക്കുന്നു- പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍| Photo: ANI
പ്രശാന്ത് കിഷോര്‍| Photo: ANI

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിതീഷ് കുമാറിന് വിഭ്രാന്തിയാണെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍, അദ്ദേഹം രാഷ്ട്രീയമായി ഒറ്റപ്പെട്ടുവെന്നും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പ്രായം കൂടുന്നത് നിതീഷ് കുമാറിന്റെ സംസാരത്തിലും പ്രവൃത്തിയിലും പ്രതിഫലിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

പ്രശാന്ത് കിഷോറിനെപ്പോലുള്ളര്‍ ഒരിടത്തും നില്‍ക്കില്ലെന്നും കുറച്ചു നാളുകളായി പ്രശാന്ത് ബി.ജെ.പിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാന്‍ ബി.ജെ.പിയുടെ അജണ്ട പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജെ.ഡി.യുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഈയിടെ അദ്ദേഹം ആരോപിച്ചിരുന്നു. നിതീഷ് വിഭ്രാന്തിയിലായിരിക്കുകയാണ്, പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

ബി.ജെ.പിയെയാണ് ഞാന്‍ പിന്തുണയ്ക്കുന്നതെങ്കില്‍, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എന്തിന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണം, പ്രശാന്ത് കിഷോര്‍ ആരാഞ്ഞു. നിതീഷ് രാഷ്ട്രീയമായി ഒറ്റപ്പെട്ടു. വിശ്വസിക്കാന്‍ കഴിയാത്തവരാല്‍ അദ്ദേഹം ചുറ്റപ്പെട്ടു. ഈ പരിഭ്രാന്തി മൂലം ഉദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

നേരത്തെ, ജെ.ഡി.യു. പ്രധാനപദവി നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെന്നും താനത് തള്ളിക്കളഞ്ഞെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കസേര തന്നാല്‍ പോലും താന്‍ ജെ.ഡി.യുവിനായി പ്രവര്‍ത്തിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അത്തരത്തില്‍ ഒരു വാഗ്ദാനവും ജെ.ഡി.യു. നല്‍കിയിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ പറയുന്നത് കള്ളമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞത്. 

Content Highlights: Nitish Kumar Affected By Age, Has Turned Delusional, says Prashant Kishor