RSS പശ്ചാത്തലം, നേതൃത്വത്തിന്റെ വിശ്വസ്തൻ; ഇനിയുള്ള വെല്ലുവിളി കേരളത്തിലേതടക്കമുള്ള തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ചൊവ്വാഴ്ച നിതിൻ നബീൻ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പാർട്ടിയുടെ സംഘടനാസംവിധാനത്തിൽ ഒരു തലമുറമാറ്റമാണ് ദൃശ്യമാകുന്നത്.
ദേശീയതലത്തിൽ അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല അദ്ദേഹം. സംഘടനാരംഗത്ത് തലമുറമാറ്റമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യമാണ് നബീന്റെ ആരോഹണത്തിൽ പ്രതിഫലിച്ചത്. പക്ഷേ, അക്കാര്യത്തിൽ മറ്റൊരു വായനയുമുണ്ട്. കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, മനോഹർലാൽ ഖട്ടർ, ഭൂപേന്ദ്ര യാദവ് തുടങ്ങി അധ്യക്ഷസ്ഥാനത്തെത്തുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന നേതാക്കളെല്ലാം സ്വന്തം സംസ്ഥാനങ്ങളിലെങ്കിലും പ്രബലരും ആർഎസ്എസിന്റെ വലിയ പിന്തുണയുള്ളവരുമാണ്. ജെ.പി. നഡ്ഡ അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ പ്രബലനായ മറ്റൊരു നേതാവ് അധ്യക്ഷസ്ഥാനത്തെത്തുന്നതും ഒരു അധികാരകേന്ദ്രമാകുന്നതും മോദിക്കും അമിത് ഷായ്ക്കും താത്പര്യമുണ്ടായിരുന്നില്ലെന്ന് ഒരുവിഭാഗം നേതാക്കൾ കരുതുന്നു.
വലിയ പദവികളൊന്നും വഹിച്ചിട്ടില്ലെങ്കിലും ഏൽപ്പിച്ച ദൗത്യങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റിയതാണ് നബീനെ ഉന്നതനേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. ബിഹാറിൽ ജനസംഖ്യയിൽ കുറവുള്ള കായസ്ഥ സമുദായത്തിൽനിന്നുള്ളയാണ് നബീൻ.
ആർഎസ്എസ് പശ്ചാത്തലമുള്ള കുടുംബപാരമ്പര്യവും സംഘടനാനേതൃത്വത്തിന് എതിർപ്പില്ലാത്തതും കാര്യങ്ങൾ എളുപ്പമാക്കി. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി, യുവമോർച്ചയുടെ ബിഹാർ സംസ്ഥാനാധ്യക്ഷൻ എന്നീ പദവികളാണ് തുടക്കത്തിൽ വഹിച്ചത്. സിക്കിമിലെ ബിജെപിയുടെ ചുമതലവഹിച്ചു. ഛത്തീസ്‌ഗഢിൽ ബിജെപി വിജയിച്ച കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ സഹ ചുമതലക്കാരനായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വിവിധ ചുമതലകൾ ഏൽപ്പിച്ചു.
2006-ൽ പട്ന വെസ്റ്റിൽനിന്ന് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാണ് നിതിൻ നബീൻ ആദ്യം ബിഹാർ നിയമസഭാംഗമാകുന്നത്. മണ്ഡല പുനഃസംഘടനയ്ക്കുശേഷം ബങ്കിപ്പുർ മണ്ഡലത്തിലേക്കുമാറിയ നബീൻ 2010, 2015, 2020, 2025 തിരഞ്ഞെടുപ്പുകളിൽ ബങ്കിപ്പുരിൽനിന്ന് ജയിച്ചു. രണ്ടുതവണ മന്ത്രിയായി.
വലിയ പരിചയസമ്പത്തില്ലാത്ത ഒരു നേതാവിന് സങ്കീർണമായ ഇന്ത്യൻരാഷ്ട്രീയത്തിലെ നീർച്ചുഴികളിലൂടെ ബിജെപിപോലെ ഒരു പാർട്ടിയെ നയിക്കാൻ കഴിയുമോ എന്നതാണ് ചില നേതാക്കളെങ്കിലും ഉയർത്തുന്ന ചോദ്യം. എന്നാൽ, അധ്യക്ഷപദവിയിൽ ആരാണെങ്കിലും പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു സംഘടനാസംവിധാനം നരേന്ദ്രമോദിയുടെ 12 വർഷത്തെ ഭരണകാലത്ത് ബിജെപി സ്വായത്തമാക്കിയെന്നാണ് നേതാക്കൾ നൽകുന്ന ഉത്തരം.
അച്ഛന്റെ പാതയിലൂടെ
ഝാർഖണ്ഡിലെ റാഞ്ചിയിൽ 1980 മേയ് 23-നാണ് നിതിൻ നബീൻ ജനിച്ചത്. ബിഹാർ നിയമസഭാംഗവും മുതിർന്ന ബിജെപി നേതാവുമായിരുന്ന നബീൻ കിഷോർ പ്രസാദ് സിൻഹയാണ് അച്ഛൻ. അമ്മ മീരാ സിൻഹ. പട്നയിലെ സെയ്ന്റ് മൈക്കൽ ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി; ഡൽഹിയിലെ സിഎസ് കെഎം പബ്ലിക് സ്കൂളിൽനിന്ന് ഇൻറർമീഡിയറ്റും. ദീപമാല ശ്രീവാസ്തവയാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്.
വെല്ലുവിളി
ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന നിതിൻ നബീനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ബംഗാൾ, അസം, തമിഴ്നാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പാണ്.
സിആർപിഎഫ് സുരക്ഷ
:നിതിൻ നബീന് ഇസഡ് വിഭാഗം സുരക്ഷ ഏർപ്പെടുത്തി. വിഐപികൾക്ക് സുരക്ഷനൽകുന്ന സിആർപിഎഫിന്റെ പ്രത്യേക വിഭാഗത്തിനാണ് ചുമതല.
Content Highlights: nitin nabin new bjp president