ജെ.ഡി.യുവിൽ നേതൃമാറ്റമോ? ജെ.ഡി.യു അംഗത്വം സ്വീകരിച്ച് നിതീഷ് കുമാറിന്റെ മകൻ, വിട്ടുനിന്ന് നിതീഷ്

പട്ന: നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജനതാ ദളിൽ (യുണൈറ്റഡ്) ഔദ്യോഗികമായി ചേർന്നു. പട്നയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. പിതാവ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് നിഷാന്തിന്റെ ജെഡിയു പ്രവേശനം. ദീർഘകാലം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന ശേഷമാണ് അദ്ദേഹം ഇപ്പോൾ പാർട്ടിയുടെ ഭാഗമാകുന്നത്.
ജെ.ഡി.യു ദേശീയ വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായിൽ നിന്നാണ് നിഷാന്ത് കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ലാലൻ സിങ്, ബിഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളുടെയും നിരവധി പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്. എന്നാൽ, മകന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശന വേളയിൽ നിതീഷ് കുമാർ സന്നിഹിതനായിരുന്നില്ല.
നിഷാന്ത് കുമാറിന്റെ വരവോടെ ജെ.ഡി.യുവിൽ വലിയൊരു മാറ്റമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ അജണ്ടകൾക്ക് പാർട്ടി കൂടുതൽ മുൻഗണന നൽകുമെന്ന സൂചനകളുമുണ്ട്. നിഷാന്ത് പാർട്ടി ഓഫീസിലേക്ക് എത്തിയപ്പോൾ "യുവ ചിന്ത, ശക്തമായ ദൃഢനിശ്ചയം" എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. പാർട്ടിയിൽ ഒരു നേതൃമാറ്റത്തിനുള്ള തുടക്കമായാണ് പലരും ഈ നീക്കത്തെ വിലയിരുത്തുന്നത്.
Content Highlights: Nishant Kumar, son of Bihar CM Nitish Kumar, officially joins JD(U). Discover what this political entry means for the party's future.