കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരോധികൾ; കടുത്ത വിമർശനവുമായി ലോക്സഭയിൽ നിർമല

ന്യൂഡൽഹി: സിപിഎമ്മിനും കേരള സർക്കാരിനെതിരെയും രൂക്ഷമായ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരോധികളാണെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ നടന്ന ബജറ്റ് ചർച്ചയിലാണ് നിർമലാ സീതാരാമൻ കേരള സർക്കാരിനും ഭരണകക്ഷിക്കും എതിരെ സംസാരിച്ചത്.
3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റിയ കിറ്റക്‌സ് ഗ്രൂപ്പിനെ പരോക്ഷമായി പരാമർശിച്ചാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയത്. കേരളത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. പട്ടികവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. ഇതെല്ലാം നടന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്തെന്നും ലോക്‌സഭയിൽ നിർമല സീതാരാമൻ പറഞ്ഞു.
ബജറ്റ് ചർച്ചക്കിടെ നാളികേര കശുവണ്ടി വികസന പദ്ധതികൾ കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണെന്ന് മന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ബംഗാളിലേക്കും കേരളത്തിലേക്കും ലക്ഷ്യമിട്ടുള്ള വലിയ വിമർശനം ധനമന്ത്രി നടത്തിയത്. ബംഗാളിലെ തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് ശേഷമാണ് ധനമന്ത്രി കേരളത്തിന് നേരെ തിരിഞ്ഞത്.
കേരളത്തിൽ 399 സഹകരണ സ്ഥാപനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയതെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ കൂടിയെന്നാണ് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി സഭയിൽ സംസാരിച്ചത്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ ആറുശതമാനത്തോളം വർധിച്ചുവെന്ന് നിർമല ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൾ 1.2 ശതമാനം വർധനയുണ്ടായെന്നും അവർ പറഞ്ഞു.
Content Highlights: Finance Minister Nirmala Sitharaman criticizes Kerala`s CPM government, citing development issues, investment flight, rising crime, and atrocities against SC/ST communities. Learn more.