നിമിഷ പ്രിയ കേസ്:സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, കാന്തപുരത്തിന്റെ ഇടപെടൽ അറിയില്ല-കേന്ദ്രം

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വധശിക്ഷ ഒഴിവാക്കുന്നതില്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പങ്ക് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. കേസില്‍ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കേസില്‍ നിമിഷപ്രിയയ്ക്കായി നിയമസഹായം ഉറപ്പുവരുത്തി. കേസില്‍ അഭിഭാഷകനെയും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. നിമിഷയെ കാണാന്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കി. പ്രാദേശിക സര്‍ക്കാരുമായും നിമിഷയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒത്തുതീര്‍പ്പിലൂടെ ഒരു പരിഹാരം കാണാനായുള്ള യോജിച്ചുള്ള നീക്കങ്ങളും നടത്തി. ഇതിനെ തുടര്‍ന്ന് യെമനിലെ പ്രാദേശിക ഭരണകൂടം വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ഇത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കി, അദ്ദേഹം പറഞ്ഞു.
വിഷയം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. നിമിഷപ്രിയയ്ക്ക് വേണ്ടി മേഖലയിലെ സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടലിനേപ്പറ്റിയുള്ള ചോദ്യത്തിന് അക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു വിവരങ്ങളുമില്ലെന്നാണ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ യെമനിലെ സൂഫി പണ്ഡിതനുമായി സംസാരിച്ചുവെന്നും ഇടപെടലുകൾ നടത്തിയെന്നും കാന്തപുരം വെളിപ്പെടുത്തിയിരുന്നു.
Content Highlights: nimisha priya case central government is doing everything possible says randhir jaiswal