ഭീകരവാദ ബന്ധം; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്യൂഡൽഹി/ഗുവാഹത്തി: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി (IMK) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ചൊവ്വാഴ്ച വ്യാപക പരിശോധന നടത്തി. അസം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അസമിലെ 10 ഇടങ്ങളിലും പശ്ചിമ ബംഗാളിലെ 5 ഇടങ്ങളിലും കേരളത്തിലെ ഒരു കേന്ദ്രത്തിലുമാണ് തിരച്ചിൽ നടത്തിയത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ഇന്ത്യയിൽ സംഘടനയുടെ ശൃംഖല വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ്‌ ഈ നടപടി.

കേസുമായി ബന്ധപ്പെട്ട് 11 പ്രതികൾക്കെതിരെ എൻ.ഐ.എ ഗുവാഹത്തിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം (UAPA) എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ജെ.എം.ബിയുടെ പ്രവർത്തനം ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനായി സംഘടനയിലെ മുതിർന്ന അംഗമായ 'ഇമാം മഹ്‌മൂദ് ഹബീബുള്ള'യാണ് ഐ.എം.കെ രൂപീകരിച്ചതെന്ന് എൻ.ഐ.എ വ്യക്തമാക്കി. പശ്ചിമ ബംഗാളിലും അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സംഘടനയുടെ സാന്നിധ്യം ഉറപ്പിക്കാനായിരുന്നു പദ്ധതി. രഹസ്യ യോഗങ്ങൾ, തീവ്രവാദ പഠന ക്ലാസുകൾ, ലഘുലേഖകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി രാജ്യവിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

അന്വേഷണത്തിനിടയിൽ ഗൂഢാലോചന തെളിയിക്കുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ റെക്കോർഡുകളും കണ്ടെടുത്തതായി എൻ.ഐ.എ അറിയിച്ചു. അസമിലെ ഐ.എം.കെ പ്രവർത്തനങ്ങളുടെ പ്രധാന സൂത്രധാരൻ നസീമുദ്ദീനാണെന്നും ത്രിപുരയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജാഗീർ മിയയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആളുകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ഐ.എം.കെ/ജെ.എം.ബി നേതൃത്വത്തോട് കൂറ് പുലർത്താൻ പ്രേരിപ്പിക്കാനും ഇവർ പ്രവർത്തിച്ചിരുന്നു. ഐ.എം.കെ-ജെ.എം.ബി ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനും വിശാലമായ ശൃംഖല കണ്ടെത്താനുമാണ് നിലവിലെ റെയ്ഡുകൾ ലക്ഷ്യമിടുന്നത്.

Content Highlights: NIA raids 16 locations across Assam, Bengal, and Kerala in connection with a cross-border terror conspiracy involving banned organizations.