പുകപരിശോധന സർട്ടിഫിക്കറ്റ്; വൻ മാറ്റവുമായി കേന്ദ്ര സർക്കാർ,ബിഎസ് 6 വാഹനങ്ങൾക്ക് മൂന്ന് വർഷംവരെ കാലാവധി

ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധി സംബന്ധിച്ച ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധികളിൽ മാറ്റം വരുത്തിക്കൊണ്ടാണ് വിജ്ഞാപനം. നവംബർ 13-ന് വിജ്ഞാപനം ചെയ്ത പുതുക്കിയ ചട്ടത്തിൽ ബിഎസ് 6 വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും വാഹനങ്ങളുടെ പഴക്കം നിശ്ചയിക്കുക.
പുതുക്കിയ ചട്ടം ഇങ്ങനെ
ബിഎസ്-6 (സ്വകാര്യ വാഹനങ്ങൾ)
- രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് PUC സർട്ടിഫിക്കറ്റുകൾക്ക് മൂന്ന് വർഷത്തെ സാധുത ഉണ്ടായിരിക്കും
- ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടതുണ്ട്
- 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ ആറ് മാസത്തിലും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടി വരും.
ബിഎസ്-6 (വാണിജ്യ വാഹനങ്ങൾ)
- രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ രണ്ട് വർഷത്തിലൊരിക്കൽ പുക പരിശോധന സർട്ടിഫിക്കറ്റ് എടുത്താൽ മതി.
- ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പുതുക്കണം
- പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ ആറ് മാസത്തിലൊരിക്കൽ പുതുക്കണം
ബിഎസ്-1, ബിഎസ്-2, ബിഎസ്-3
- ഈ കാറ്റഗറിയിലുള്ള എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കൽ പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം
ബിഎസ്-4
- ഈ കാറ്റഗറിയിലുള്ള എല്ലാ വാഹനങ്ങളും ആറ് മാസത്തിലൊരിക്കൽ പുക പരിശോധന നടത്തി സർട്ടിഫക്കറ്റ് കൈവശംവെക്കണം
നിലവിലുള്ള സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ
- പുതിയ ഭേദഗതി ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് എടുത്ത പുക പരിശോധന സർട്ടിഫിക്കറ്റുകൾക്ക്, ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ പുതുക്കലിന് ശേഷമായിരിക്കും മുകളിൽ പറഞ്ഞ പുതിയ കാലാവധി ബാധകമാവുക.
- നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപുള്ള കാലയളവിൽ പുതുക്കുകയാണെങ്കിൽ, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ലഭിക്കുക.
- കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തീയതി മുതൽക്കായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ഉണ്ടായിരിക്കുക.
Content Highlights: Central Road Transport Ministry revised PUC certificate rules based on vehicle age and category., BS6 private vehicles up to 6 years old get a 3-year PUC validity., Older BS1, BS2, and BS3 vehicles require testing every 3 months., BS4 vehicles need testing every 6 months.