വിശ്വസ്തനെ പ്രതിപക്ഷ നേതാവാക്കി പവാര്‍; പദവിയില്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്, നാളെ യോഗം

ജിതേന്ദ്ര അഹ്‌വാദ് |ഫോട്ടോ:PTI
ജിതേന്ദ്ര അഹ്‌വാദ് |ഫോട്ടോ:PTI

മുംബൈ: മഹാരാഷ്ട്ര മഹാവികാസ് അഘാഡി സഖ്യത്തില്‍ ശിവസേനയ്ക്ക് പിന്നാലെ എന്‍സിപിയും പിളര്‍ന്നതോടെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്‍സിപിയെ പിളര്‍ത്തി കൊണ്ട് പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ ശിവസേന-ബിജെപി സഖ്യ സര്‍ക്കാരിനൊപ്പം ചേര്‍ന്നതിന് പിന്നാലെ, പുതിയ പ്രതിപക്ഷ നേതാവായി തന്റെ വിശ്വസ്തനായ ജിതേന്ദ്ര അഹ്‌വാദിനെ നിയോഗിച്ചിരിക്കുകയാണ് ശരദ്‌ പവാര്‍. എന്നാല്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം എംഎല്‍എമാരും പോയതോടെ എന്‍സിപിക്ക് എങ്ങനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. എന്‍സിപിക്ക് ആകെയുള്ള 53 എംഎല്‍എമാരാണ്. ഇതില്‍ 40 ഓളം പേര്‍ അജിത് പവാറിനെ പിന്തുണച്ച് എന്‍ഡിഎ ക്യാമ്പിലെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ശരദ്‌ പവാര്‍ വിഭാഗം ഇത് സമ്മതിക്കുന്നില്ല. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനേയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് മറ്റ് എട്ട് പേരേയും അയോഗ്യരാക്കണമെന്നാണ് എന്‍സിപി സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുള്ളത്. എംഎല്‍എമാരെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.

പിളര്‍പ്പിന് ശേഷമുള്ള അംഗ സഖ്യ അനുസരിച്ച് മഹാവികാസ് അഘാഡി സഖ്യത്തില്‍ 45 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റ കക്ഷി. 'ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്നായിരിക്കും പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിന് പരമാവധി സംഖ്യയുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നാളെ യോഗം ചേരും' മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട് പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നുള്ള സൂചനയാണ് തൊറാട്ടിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. പിളര്‍പ്പിന് ശേഷം ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പം നിലവില്‍ 17 എഎല്‍എമാര്‍ മാത്രമാണുള്ളത്. ശരദ്‌ പവാര്‍ വിഭാഗ എന്‍സിപിക്കൊപ്പം 15 ഓളം എംഎല്‍എമാരും.


ജിതേന്ദ്ര അഹ്‌വാദ്

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് ജിതേന്ദ്ര അഹ്‌വാദിന്റെ നേതൃത്വത്തിലാണ് അജിത് പവാറടക്കമുള്ള ഒമ്പത് എന്‍സിപി  എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള സംഘം സ്പീക്കറെ കണ്ടത്. മുമ്പ്രയില്‍ നിന്ന് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ജിതേന്ദ്ര അഹ്‌വാദ് ശരദ്‌ പവാറിന്റെ ഉറ്റ അനുയായിട്ടാണ് അറിയപ്പെടുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ പൊതുരംഗത്തേക്കുള്ള കടന്നുവരവ്.

കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐയുടെ ജനറല്‍ സെക്രട്ടറിയായും ചീഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 എന്‍എസ്‌യുഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അഹ്‌വാദ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായിരുന്നു.

ശരദ്‌ പവാറിനൊപ്പമാണ് ജിതേന്ദ്ര അഹ്‌വാദ് കോണ്‍ഗ്രസ് വിട്ടത്. അന്ന് മുതല്‍ പവാറിന്റെ വിശ്വസ്തനായി അറിയപ്പെട്ട അഹ്‌വാദ് 2002 ലും 2008ലും മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


മുസ്ലിം വോട്ട്ബാങ്കിന് ആധിപത്യമുള്ള മുമ്പ്രയില്‍ നിന്ന് 2009-ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2014ലും 2019-ലും തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.

2014-ലും 2019-ലെ മഹാവികാസ് അഘാഡി സര്‍ക്കാരിലും മന്ത്രിയായിരുന്നു അദ്ദേഹം. 


 

Content Highlights: New LoP Jitendra Awhad a Sharad Pawar loyalist