പുതുക്കിയ ആദായ നികുതി ബിൽ ലോക്സഭയിൽ; സർക്കാർ നീക്കം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ

ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബിൽ സഭയിൽ അവതരിപ്പിച്ചത്. സെലക്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പരിഷ്കരിച്ച പുതിയ ആദായനികുതി ബില്ലാണ് സഭയിൽ അവതരിപ്പിച്ചത്.
ആദായനികുതി (നമ്പർ 2) ബിൽ, 2025, ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നുവെന്നും ഇത് നിലവിലെ നിയമത്തിന് പകരമാകുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു.
ഫെബ്രുവരി 13ന് അവതരിപ്പിച്ച ആദായനികുതി ബിൽ-2025 കഴിഞ്ഞയാഴ്ച ലോക്സഭയിൽ നിന്ന് പിൻവലിച്ചിരുന്നു. ബിൽ പിൻവലിച്ചതിന് പിന്നാലെ, സെലക്ട് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതുക്കിയ ബിൽ പുറത്തിറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബിജെപി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്സഭാ സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിർദ്ദേശങ്ങളിൽ ഏതാണ്ട് എല്ലാ ശുപാർശകളും ഉൾപ്പെടുന്നതാണ് പുതിയ ബില്ലെന്നാണ് വിവരം.
Content Highlights: Finance Minister Nirmala Sitharaman introduces revised Income Tax Bill 2025