രക്ഷിച്ചത് 1643 കുട്ടികളെ; ബെല്ലടിച്ച് സ്കൂൾ വിട്ട് കുന്നിൻമുകളിലേക്ക് ഓടി, ഹീറോയായി അധ്യാപകൻ

കാഠ്മണ്ഡു: ‘ഗ്രാമം മുഴുവനും വെള്ളത്തിൽ മുങ്ങി. വേഗം രക്ഷപ്പെട്ട് ഓടിക്കോളൂ...’ മിന്നൽ പ്രളയം ദുരന്തം വിതയ്ക്കുന്നതിനിടെ രാജേന്ദ്ര ദവാഡിക്ക് ലഭിച്ച ആ സന്ദേശം രണ്ട് വാചകങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞൊടിയിടയിലുണ്ടായ തിരിച്ചറിവിൽ തനിക്കൊപ്പമുള്ള വിദ്യാർഥികളേയും കൊണ്ട് രാജേന്ദ്ര ദവാഡി പ്രാണരക്ഷാർഥം ഓടി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ആ സമയോചിതമായ ഇടപെടലിൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചെത്തിയത് ആയിരത്തി അറുന്നൂറിലേറെ വിദ്യാർഥികളാണ്.
നേപ്പാളിലെ നുവാകോട്ട് തൃശൂലി വാലിയിലുള്ള ത്രിഭുവൻ തൃശൂലി സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും ഇംഗ്ലീഷ് അധ്യാപകനുമാണ് 47-കാരനായ രാജേന്ദ്ര ദവാഡി. ബുധനാഴ്ച രാവിലെ 9:20-നാണ് രാജേന്ദ്ര ദവാഡിക്ക് ഒരു സുഹൃത്തിന്റെ ഫോൺ കോൾ വരുന്നത്. 'നമ്മുടെ ഗ്രാമം നദി കൊണ്ടുപോയി, വേഗം ഓടി രക്ഷപ്പെടൂ' എന്നായിരുന്നു ആ സന്ദേശം. ആ സമയം സ്കൂൾ കെട്ടിടത്തിലും പരിസരത്തുമായി 1,643 കുട്ടികളുണ്ടായിരുന്നു. നദിയിൽ നിന്നും ഏകദേശം 60 മീറ്റർ ഉയരത്തിൽ കോൺക്രീറ്റിൽ പണിത കെട്ടിടമായതിനാൽ സ്കൂൾ സുരക്ഷിതമായിരിക്കുമെന്നാണ് ദവാഡി ആദ്യം കരുതിയത്. എന്നാൽ മിനിറ്റുകൾക്കകം ഒരു രക്ഷിതാവും സുഹൃത്തുമായ ഒരാൾ ഓടിയെത്തി വെള്ളം അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന വിവരം അറിയിച്ചു.
ഒട്ടും സമയം കളയാതെ ദവാഡി സ്കൂൾ ബെൽ മുഴക്കാൻ ആവശ്യപ്പെടുകയും അധ്യാപകർക്ക് ക്ലാസ് മുറികൾ ഒഴിപ്പിക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. സ്കൂൾ ബസുകൾ അടിയന്തരമായി തിരിച്ചുവിടാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. അപകടം മനസ്സിലാക്കിയ കുട്ടികൾ പരിഭ്രാന്തരായി ചിതറിയോടാൻ തുടങ്ങി. കുന്നിൻമുകളിലേക്ക് ഓടിരക്ഷപ്പെടാനായിരുന്നു കുട്ടികൾക്കും അധ്യാപകൾക്കും ലഭിച്ച നിർദേശം. ഭയന്നുവിറച്ച് ശ്വാസം മുട്ടൽ തോന്നിയ വിദ്യാർഥികളെ മോട്ടോർ സൈക്കിളുകളിലാണ് മുകളിലേക്ക് എത്തിച്ചത്. കുന്നിൻ മുകളിലെ ഒരു വലിയ മരച്ചുവട്ടിൽ അഭയം പ്രാപിച്ചതിന് തൊട്ടുപിന്നാലെ തൃശൂലി നദിയിലെ പ്രളയജലം സ്കൂൾ കെട്ടിടങ്ങളെ പൂർണ്ണമായും വിഴുങ്ങി. കെട്ടിടം പൂർണമായും തകർന്നുവീണു.
1,643 കുട്ടികളെയും ഒപ്പമുണ്ടായിരുന്ന അധ്യാപകരെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും രണ്ട് ജീവനുകൾ സ്കൂളിന് നഷ്ടമായി. അധ്യാപകനായ സന്തോഷ് പരിയാർ (32), സ്കൂൾ ജീവനക്കാരനായ സുൽത്താൻ ലാമ എന്നിവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. നദീതീരത്തെ തന്റെ വാടകമുറിയിൽ നിന്ന് സാധനങ്ങൾ എടുക്കാൻ പോയ സന്തോഷും സ്കൂളിന്റെ വാതിലുകൾ പൂട്ടാൻ തിരികെപ്പോയ സുൽത്താനും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു.
സ്കൂൾ നിന്നിടത്ത് ഇന്ന് ഒരു ചെളിക്കൂന മാത്രമാണ് ബാക്കിയുള്ളത്.
കൺമുന്നിൽ ദുരന്തം എത്തിയപ്പോഴേക്കും സമയോചിതമായി പ്രവർത്തിക്കാനുള്ള മനസ്സാനിധ്യമാണ് ആയിരക്കണക്കിന് വിദ്യാർഥികളുടെ ജീവൻ രക്ഷിച്ചത്. ഹീറോ എന്നാണ് നാട്ടുകാരും പ്രിയപ്പെട്ട വിദ്യാർഥികളും ഇന്ന് ദവാഡിയയെ വിശേഷിപ്പിക്കുന്നത്.
Content Highlights: Principal Rajendra Dawadi received a timely warning about the Trishuli valley flash flood., He swiftly evacuated 1,643 students and staff before the school building was destroyed., Two staff members tragically lost their lives while trying to secure personal belongings and school premises., Quick thinking and emergency ringing of the school bell averted a massive tragedy.