ആരുടെ സമാധാനമാണ് ഞാൻ പാലിക്കേണ്ടത്? പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ

#ന്യൂസ് ഡെസ്‌ക്
ന്യൂഡൽഹിയിലെ സിപിഐ (എംഎൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിന് ശേഷം ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ | PTI Photo/Salman Ali
ന്യൂഡൽഹിയിലെ സിപിഐ (എംഎൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിന് ശേഷം ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ | PTI Photo/Salman Ali

ന്യൂഡൽഹി: പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ പീസ് ബോണ്ട് ഒപ്പുവെക്കാൻ വിസമ്മതിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന ഡൽഹി പൊലീസിന്റെ നോട്ടീസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അവർ തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. സി.പി.ഐ (എം.എൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ആരുടെ സമാധാനം പാലിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്? എന്ന് നേഹ ബോറ ചോദിച്ചു.

തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് സമാധാനത്തിന് ഭീഷണിയാകുന്നത് എങ്ങനെയെന്നും അവർ ചോദിച്ചു. ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്ന് നേഹ വ്യക്തമാക്കി. എസ്‌ഐആർ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി തുടങ്ങിയ വിഷയങ്ങളിൽ തലസ്ഥാനത്ത് നടന്ന ലഹരാ ദോ തിരംഗ മാർച്ചിൽ പങ്കെടുത്ത നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷം ജാമ്യത്തിലിറങ്ങിയ നേഹയ്ക്ക് ഒക്ടോബർ 17-നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 126 പ്രകാരം ഡൽഹി പൊലീസ് നേഹ ബോറയ്ക്ക് പീസ് ബോണ്ടിൽ ഒപ്പിടാനുള്ള നോട്ടീസ് നൽകിയത്.

അന്വേഷണ കാലയളവിൽ സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും എന്തുകൊണ്ട് ഹാജരാക്കേണ്ടതില്ല എന്ന് ഒക്ടോബർ 19-ന് പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി വിശദീകരിക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നേഹ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സമാധാന ലംഘനത്തിന് സാധ്യതയുള്ളതായി തെളിയിക്കാൻ നോട്ടീസിന് സാധിച്ചിട്ടില്ലെന്നും നേഹ വാദിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ പൊതുസമാധാന ലംഘനമായി ചിത്രീകരിക്കരുതെന്നും ജനാധിപത്യപരമായ വിയോജിപ്പുകൾ സംരക്ഷിക്കപ്പെടണമെന്നും അവർ വ്യക്തമാക്കി.

Content Highlights: Neha Bora questions Delhi police's peace bond notice, emphasizing democratic rights and peaceful protests in a press conference.