നീറ്റ് പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മെയ് മൂന്നിന് നടന്ന 2026 നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. പരീക്ഷാ അട്ടിമറിയിൽ ഏതെങ്കിലുംതരത്തിലുള്ള സംഘടിത ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നും കൈയ്യെഴുത്ത് 'ഗസ് പേപ്പർ' എങ്ങനെയാണ് പരീക്ഷയ്ക്ക് മുൻപേ പ്രചരിച്ചത് എന്നും സിബിഐ പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തങ്ങളുടെ പക്കലുള്ള എല്ലാ രേഖകളും ഡാറ്റകളും സിബിഐക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. അച്ചടിച്ച പ്രസ്സിൽനിന്ന് ചോദ്യപേപ്പർ ചോർന്നു എന്നത് അടക്കമുള്ള ആരോപണങ്ങളിൽ സിബിഐ വിശദമായ അന്വേഷണം നടത്തും.
അതേസമയം, പുനഃപരീക്ഷാ തീയതികൾ പ്രഖ്യാപിക്കാനുള്ള നടപടികൾ എൻടിഎ ആരംഭിച്ചിട്ടുണ്ട്. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകുമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്. മെയ് മൂന്നിന് പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പിന്നാലെ രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ‘ഗസ് പേപ്പർ’ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നതായാണ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയത്. വിവാദങ്ങൾക്കിടയിലും പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അവകാശപ്പെട്ടിരുന്നത്.
Content Highlights: CBI probe initiated into NEET-UG 2026 paper leak allegations, NTA to cooperate by handing over all relevant exam data, Preliminary focus on potential printing press security breaches, Over 45 individuals already in custody in Rajasthan, Re-exam scheduling process accelerated by NTA