സിജെപിയെ നാലുതവണ ചർച്ചയ്ക്ക് വിളിച്ചു, എപ്പോൾ വേണമെങ്കിലും എത്രസമയവും ചർച്ചചെയ്യാം- കേന്ദ്രം

#ന്യൂസ് ഡെസ്ക്
ജന്തർ മന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽനിന്ന് | ഫോട്ടോ: എഎൻഐ
ജന്തർ മന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽനിന്ന് | ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരംചെയ്യുന്ന സിജെപി പ്രതിനിധികളോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾവേണമെങ്കിലും എത്ര സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

'കഴിഞ്ഞദിവസം ഉച്ചമുതൽ അവരുടെ പ്രതിനിധികളുമായി ചർച്ചകൾക്ക് സർക്കാർ നാല് തവണ സമീപിച്ചിട്ടുണ്ട്്. എല്ലാ യുവ സുഹൃത്തുക്കളുമായും സർക്കാർ ചർച്ചകൾക്ക് തയ്യാറാണ്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചർച്ചകൾക്ക് തയ്യാറാണ്. സർക്കാരിന് യാതൊരു മുൻവിധികളുമില്ല', പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ചർച്ചകൾക്കായി ഒരു സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാൻ, നിർദ്ദിഷ്ട യോഗസ്ഥലം തിരഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

'നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചർച്ചകൾ നടത്താം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂർവ്വം, നിങ്ങളെല്ലാവരെയും വന്ന് ചർച്ചകളിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

പേപ്പർ ചോർച്ച കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സംബന്ധിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രാധാന്യത്തോടെ കാണുന്നുണ്ട്. ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവനയിൽ പറഞ്ഞതുപോലെ, യുവാക്കളുടെ താൽപ്പര്യങ്ങൾക്ക് അദ്ദേഹം ഏറ്റവും വലിയ മുൻഗണനയും പ്രാധാന്യവും നൽകുന്നു. പേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അതിവേഗ കോടതികളിലൂടെ വിചാരണചെയ്യാനുള്ള തീരുമാനം അദ്ദേഹം എടുത്തു. ഇത് വേഗത്തിൽ ഒരു തീരുമാനം എടുക്കുന്നതിനും നിർണായക നടപടി സ്വീകരിക്കുന്നതിനും സഹായിക്കും. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. അതിനാൽ, ഞാൻ ഒരിക്കൽക്കൂടി നിങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു: വരിക, ഇരിക്കുക, ചർച്ച ചെയ്യുക, ഈ സാഹചര്യത്തിന് ഒരു പരിഹാരം കണ്ടെത്താൻ നമുക്ക് സത്യസന്ധമായ ശ്രമം നടത്താം', ജിതേന്ദ്ര സിങ് പറഞ്ഞു.

Content Highlights: Government invites student representatives for open dialogue, Minister Jitendra Singh and JP Nadda to lead discussions, No preconditions for talks; government prioritizes student welfare, PM Modi announces fast-track courts for paper leak cases