ഇറാനില്‍ നിന്ന് 110 വിദ്യാർഥികളുടെ സംഘം ഇന്ന് രാത്രി ഇന്ത്യയിലെത്തും, 90 പേർ ജമ്മു കശ്മീർ സ്വദേശികൾ

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തുന്നു. 110 വിദ്യാര്‍ഥികളടങ്ങിയ സംഘം ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. 1,500 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യക്കാരെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ധു എന്ന പേരിലാണ് രക്ഷാ ദൗത്യം നടക്കുന്നത്.
ഇറാനിൽ നിന്ന് വിദ്യാര്‍ഥികള്‍ അര്‍മേനിയ വഴി ആദ്യം ദോഹയിലാണെത്തിയത്. അവിടെനിന്ന് വിമാനമാര്‍ഗമാണ് ന്യൂഡല്‍ഹിയിലേക്ക് എത്തുന്നത്. ഡല്‍ഹിയിലേക്കുള്ള വിമാനം പുറപ്പെട്ടതായും ബുധനാഴ്ച രാത്രി 10.15-ഓടെ ഇന്ത്യയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. 110 വിദ്യാർഥികളിൽ 90 പേരും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തുന്നത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാനിൽ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചിരുന്നു. ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യക്കാർ തിരിച്ചെത്തുന്നത്.
Content Highlights: india citizens evacuation iran israel conflict