രാജ്യസഭയിൽ കണക്കൊപ്പിക്കും, ലോക്സഭയിൽ ആളെണ്ണമെത്തിക്കാൻ പലതന്ത്രങ്ങൾ; എൻഡിഎയുടെ നീക്കങ്ങൾ

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, അമിത് ഷാ | File Photo: PTI
നരേന്ദ്ര മോദി, അമിത് ഷാ | File Photo: PTI

ന്യൂഡൽഹി: നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ പർലമെന്റിന്റെ ഇരുസഭകളിലും ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം. മണ്ഡല പുനർനിർണ്ണയ ബില്ല് പോലുള്ള നിർണ്ണായക നിയമങ്ങൾ പാസാക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് സഖ്യം അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

245 അംഗങ്ങളുള്ള രാജ്യസഭയിൽ എൻഡിഎയുടെ നിലവിലെ അംഗബലം 148 ആണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലൂടെയും നാമനിർദ്ദേശം ചെയ്യപ്പെടുന്നവരിലൂടെയും ഇത് വൈകാതെ 154-ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തിന് വേണ്ട 163 എന്ന സംഖ്യയിലേക്ക് എത്താൻ സഖ്യത്തിന് വെറും ഒമ്പത് സീറ്റുകളുടെ കുറവ് മാത്രമേ ഉണ്ടാവുകയുള്ളു.

വിഷയാധിഷ്ഠിത പിന്തുണ നൽകുന്ന, ഭരണസഖ്യത്തിലോ പ്രതിപക്ഷ സഖ്യത്തിലോ ഉൾപ്പെടാത്ത പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് രാജ്യസഭയിൽ ബില്ല് പാസാക്കിയെടുക്കാനാണ് എൻഡിഎയുടെ നീക്കം.

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് തൃണമൂലിന്റെ മൂന്ന് രാജ്യസഭാ എംപിമാർ രാജി വെച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ബിജെപി പ്രതിനിധികൾ എത്താനാണ് സാധ്യത.

ഇതിനൊപ്പം ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിലും പിളർപ്പുണ്ടായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ അതും എൻഡിഎയ്ക്ക് ഗുണകരമായി മാറും. സമാജ്‌വാദി പാർട്ടിയിൽ വലിയൊരു വിഭാഗം ബിജെപി പാളയത്തിലേക്ക് നീങ്ങാൻ തയ്യാറാണെന്ന് യുപി മന്ത്രി ഓം പ്രകാശ് രാജ്ഭർ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിക്കളഞ്ഞെങ്കിലും പാർട്ടിക്കുള്ളിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ലോക്സഭയിൽ മാത്രമാണ് എൻഡിഎ സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പ്രതിസന്ധിയുള്ളത്. തൃണമൂൽ വിമതർ എൻഡിഎയുടെ ഭാഗമാകുകയും ശിവസേന യുബിടി വിമതർ ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ലയിച്ചാലും 44 പേരുടെ പിന്തുണ നിലവിലെ സഭയുടെ അംഗബലമനുസരിച്ച് വേണ്ടിവരും. എന്നാൽ മണ്ഡല പുനർനിർണ്ണയ ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കുമ്പോൾ ഡിഎംകെ പോലുള്ള പ്രാദേശിക പാർട്ടികൾ വിട്ടുനിന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അങ്ങനെ സംഭവിച്ചാൽ എൻഡിഎ സഖ്യത്തിന് ബില്ല് പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷമുണ്ടാകും. വൈഎസ്ആർസിപി, ബിജെഡി, ബിഎസ്പി തുടങ്ങിയ പാർട്ടികളുടെ നിലപാടുകളും സഭയിൽ നിർണായകമാകും. നിലവിൽ ലോക്സഭയിൽ എൻഡിഎയ്ക്ക് ആകെ 293 അംഗങ്ങളുണ്ട്. ഇതിനൊപ്പം തൃണമൂൽ വിമതരുടെയും ശിവസേന യുബിടി വിമതരുടെയും പിന്തുകൂടിയാകുമ്പോൾ അത് 319 ആയി ഉയരും.

ഡിഎംകെ, വൈഎസ്ആർപി എന്നീ പാർട്ടികൾക്ക് സഭയിൽ 26 എംപിമാരുണ്ട്, അവർ വിട്ടുനിന്നാൽ 343 പേരുടെ പിന്തുണ മതിയാകും. അതായത് 26 എംപിമാരെ കൂടി കിട്ടിയാൽ ലോക്സഭയിൽ എൻഡിഎയ്ക്ക് ബില്ല് പാസാക്കിയെടുക്കാം. ഇവിടെയാണ് സമാജ്വാദി പാർട്ടിയിൽ പിളർപ്പുണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുടെ സാധ്യതയും നിലനിൽക്കുന്നത്. നിലവിൽ 37 എംപിമാരാണ് സമാജ്വാദി പാർട്ടിക്ക് സഭയിലുള്ളത്. ഇവരിൽ 25 പേർ പിളർന്ന് പ്രത്യേക ബ്ലോക്കായി മാറി മറ്റൊരു പാർട്ടിയിലേക്ക് പോയാൽ കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാനാകും.

ഇവരുടെ പിന്തുണ കൂടി ലഭിച്ചാൽ ലോക്സഭയിൽ എൻഡിഎയ്ക്ക് ബില്ല് പാസാക്കി എടുക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് എത്താനാകും. ലോക്സഭയിൽ നേരത്തെ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബില്ല് വീണ്ടും അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആവശ്യമായ അംഗബലം ഉറപ്പാക്കിയ ശേഷം ഇതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും സാധ്യതയുണ്ട്.

Content Highlights: NDA is targeting a two-thirds majority to pass the Delimitation Bill. Strategic reliance on regional parties and potential splits in opposition ranks. Calculated focus on Rajya Sabha expansion to 154 seats. Utilization of internal dissent within TMC and SP to bridge the gap in Lok Sabha. Potential for a special Parliamentary session to finalize the bill.