4 വർഷത്തിനിടെ അജിത് പവാർ 3 തവണ ഉപമുഖ്യമന്ത്രി; ശിവസേനയ്ക്ക് പിന്നാലെ NCP-യേയും പിളർത്തി BJP തന്ത്രം

അജിത്ത് പവാര്‍ | Photo: PTI
അജിത്ത് പവാര്‍ | Photo: PTI

മുംബൈ: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുന്നത്. ഇതില്‍ രണ്ട് തവണയും സ്വന്തം പാര്‍ട്ടിയെ ഞെട്ടിച്ച് വലിയ രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നു അജിത് പവാറിന്റെ നീക്കം. 2019-ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് അജിത് പവാര്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതോടെ എന്‍സിപിയില്‍ പിളര്‍പ്പ് ഒഴിവായിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോഴത്തെ അപ്രതീക്ഷിത ചുവടുമാറ്റം ശരദ് പവാര്‍ അധ്യക്ഷനായുള്ള എന്‍സിപിയുടെ രാഷ്ട്രീയ ഭാവിക്കുതന്നെ വലിയ തിരിച്ചടിയാണ്. 

ആദ്യ ചുവടുമാറ്റവും ബിജെപിക്കൊപ്പം

2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിനായിരുന്നു കൂടുതല്‍ സീറ്റ് ലഭിച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കാരണം ആ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെയായായിരുന്നു അജിത് പവാറിന്റെ ആദ്യ ചുവടുമാറ്റം. സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും കാഴ്ചക്കാരാക്കി എന്‍സിപിയെ ഞെട്ടിച്ച് അജിത് പവാര്‍ ബിജെപിയുമായി കൂട്ടുകൂടി. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. 

എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനാകാതെ ആ സര്‍ക്കാര്‍ താഴെവീണു. ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരികെയെത്തിയതോടെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപവത്കരിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരുന്നു അന്ന് മുഖ്യമന്ത്രി. ആ സര്‍ക്കാരിലും അജിത് പവാര്‍  ഉപമുഖ്യമന്ത്രിയായി. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ രണ്ട് പക്ഷത്തും അങ്ങനെ അദ്ദേഹം ഉപമുഖ്യമന്ത്രിയായി. തുടര്‍ന്ന് 2022 വരെ ഈ സര്‍ക്കാര്‍ അധികാരം തുടര്‍ന്നു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തില്‍ ഒരു വിഭാഗം ശിവസേന എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ഉദ്ധവ് സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ശിവസേന-ബിജെപി സഖ്യം പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു അജിത് പവാറിന്. ഒരു വര്‍ഷത്തിനിപ്പുറം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള പടലപ്പിണക്കം രൂക്ഷമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം മറുപക്ഷത്തേക്ക് ചേക്കേറി ഉപുമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്. 

അയോഗ്യതാ ഭീഷണി മറികടക്കണം

എന്‍സിപിയെ പിളര്‍ത്തി 29 എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഞായറാഴ്ച അജിത് പവാര്‍ പുതിയ രാഷ്ട്രീയ ഇന്നിങ്‌സിന് തുടക്കമിട്ടത്. 29 എംഎല്‍എമാര്‍ മാത്രമല്ല, ആകെ 40 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അജിത് പവാര്‍ അവകാശപ്പെട്ടിട്ടുണ്ട്. കൂറുമാറിയതിനാല്‍ അയോഗ്യതാ ഭീഷണി ഒഴിവാകാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് അജിത് പവാറിന് വേണ്ടത് (53 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്). 

മഹാരാഷ്ട്ര നിയമസഭയില്‍  40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അജിത് പവാറിന്റെ അവകാശവാദം ശരിയാണെങ്കില്‍ അയോഗ്യതാ ഭീഷണി ഒഴിവാക്കാനും സാധിക്കും. ഈ തിരിച്ചടി മറികടക്കാന്‍ രാഷ്ട്രീയ ചാണക്യനായ ശരദ് പവാര്‍ എന്ത് തന്ത്രമാണ് പുറത്തെടുക്കുക എന്നതാണ് ഇനി അറിയേണ്ടത്. 

ആദ്യം ശിവസേനയെ പിളർത്തി, ഇപ്പോള്‍ എന്‍സിപിയേയും

എന്‍സിപിയിലെ പിളര്‍പ്പ് ബിജെപിയില്‍ നിന്ന് മഹാവികാസ് അഘാഡി സഖ്യത്തിനേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ കനത്ത പ്രഹരമാണ്. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം ശിവസേനയെ പിളര്‍ത്തി മഹാവികാസ് ആഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് എന്‍സിപിയിലും പിളര്‍പ്പുണ്ടായത്. അന്ന് ശിവസേനയെ പിളര്‍ത്തിയ ഷിന്ദേയ്ക്ക് മുഖ്യമന്ത്രി പദം തന്നെ നല്‍കിയ ബിജെപി, ഇന്ന് എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിനും ഏറ്റവും ഉന്നതമായ പദവിതന്നെ നല്‍കി.

എന്‍.സി.പി സര്‍ക്കാരിന്റെ ഭാഗമായാല്‍ താന്‍ രാജിവെക്കുന്നമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭീഷണി മുഴക്കിയ ഷിന്ദേ തന്നെയാണ് ഇന്ന് അജിത് പവാറിനേയും എന്‍സിപിയേയും രാജ്ഭവനിലേക്ക് സ്വാഗതം ചെയ്തതെന്നതും വലിയ വിരോധാഭാസമാണ്. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് എന്‍സിപിയോടുള്ള ഷിന്ദേയുടെ നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം. അടുത്തിടെ ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി എക്‌നാഥ് ഷിന്ദേ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍സിപി നേതാക്കള്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതിനെ എതിര്‍ത്ത ഷിന്ദേയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അനുനയിപ്പിച്ചതെന്നാണ് വിവരം. വരുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലും അജിത് പവാര്‍ പക്ഷത്തെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കെ പ്രതിപക്ഷ ഐക്യ രൂപീകരണ ചര്‍ച്ചകള്‍ സജീവമായിരിക്കെ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ തന്നെ അടര്‍ത്തിയെടുക്കാനായി എന്നത് ബിജെപിക്കും വലിയ രാഷ്ട്രീയ നേട്ടമാണ്.

ശരദ് പവാറുമായുള്ള തര്‍ക്കം, പുറത്തേക്ക്

അജിത് പവാര്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ എന്‍സിപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു അന്നെല്ലാം അജിത് പവാറിന്റെ പ്രതികരണം. അടുത്തിടെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടതോടെ നീക്കം പവാര്‍ ഉപേക്ഷിച്ചു. ഇതിനുപിന്നാലെ മകള്‍ക്ക് ഉള്‍പ്പെടെ ശരദ് പവാര്‍ സ്ഥാനമനങ്ങള്‍ നല്‍കി പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തിയതും അജിത് പവാറിനെ ചൊടിപ്പിച്ചിരുന്നു. 

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നും സംഘടനയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ അജിത് പവാര്‍ രംഗത്തെത്തി. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ ശരദ് പവാര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ബിജെപി പക്ഷത്തേക്ക് ചേക്കാറാനുള്ള നീക്കങ്ങള്‍ അജിത് പവാര്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം എന്‍സിപി വിട്ട് ഷിന്ദേ സര്‍ക്കാരിന്റെ ഭാഗമായതെന്നും ശ്രദ്ധേയമാണ്. 

Content Highlights: NCP leader Ajit Pawar takes oath as deputy Chief Minister, 3rd time since 2019