പാഠപുസ്തകങ്ങളിൽ 'കാവിവൽക്കരണ' ഭീതി; NCERT സമിതി പുനഃസംഘടിപ്പിച്ചു, 20 അംഗങ്ങളിൽ 4പേർക്ക് RSS ബന്ധം

തിരുവനന്തപുരം: 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള എൻസിആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ ആകെ 20 അംഗങ്ങളിൽ നാല് പേർക്ക് രാഷ്ട്രീയ സ്വയംസേവക് സംഘവുമായി (ആർഎസ്എസ്) അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. മുൻപ് ചരിത്രത്തെ വളച്ചൊടിക്കുന്നു, ചില ഭാഗങ്ങൾ വെട്ടിക്കളയുന്നു എന്നതിനൊപ്പം പാഠപുസ്തകങ്ങളിൽ 'കാവിവൽക്കരണം' കൊണ്ടുവരുന്നു എന്ന തരത്തിലുള്ള വലിയ ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പുനഃസംഘടന നടന്നിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലെ അധ്യാപകരും സ്കൂൾ അധ്യാപകരും എൻസിആർടിയുടെ വിദഗ്ധരും അടങ്ങുന്ന ഒരു സമിതിക്കാണ് ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല (ജെഎൻയു), ഡൽഹി സർവ്വകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവ്വകലാശാല, ദേശീയ ലോ യൂണിവേഴ്സിറ്റി, ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ, പുതുച്ചേരി യൂണിവേഴ്സിറ്റി, ഉത്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർ പുതിയ ഇരുപതംഗ സമിതിയുടെ ഭാഗമായിട്ടുണ്ട്.
പുതുതായി സമിതിയിൽ ഉൾപ്പെട്ട ആർഎസ്എസ് ബന്ധമുള്ള നാല് പേരിൽ പ്രമുഖർ എബിവിപി മുൻ ഭാരവാഹികളാണ്. എബിവിപിയുടെ മുൻ ദേശീയ സെക്രട്ടറിയും നിലവിൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ പ്രൊഫസറുമായ വന്ദന മിശ്ര, എബിവിപിയിൽ സംഘടന ചുമതലകൾ വഹിച്ചിരുന്ന ദേഷ്പാണ്ഡേ എന്നിവർ ഈ സമിതിയിലുണ്ട്. ഇവരെക്കൂടാതെ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രശാന്ത് ദിവേക്കർ, രവി രാമചന്ദ്ര ശുക്ല എന്നിവരും പാഠപുസ്തക സമിതിയിൽ പുതിയ അംഗങ്ങളായി എത്തിയിട്ടുണ്ട്.
പുതുതായി പുനഃസംഘടിപ്പിച്ച സമിതിയോട് നിശ്ചിത സമയപരിധിക്കുള്ളിൽ പാഠപുസ്തകങ്ങളുടെ പരിഷ്കരണ ജോലികൾ പൂർത്തിയാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻസിആർടിയും സംയുക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം ഈ വർഷം നവംബർ 30-നകം പരിഷ്കരിച്ച് തയ്യാറാക്കേണ്ടതുണ്ട്. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പുനഃസംഘടന അടുത്ത വർഷം ജൂലായ് 30-നകം പൂർത്തിയാക്കണമെന്നുമാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
പാഠപുസ്തക സമിതിയിലേക്ക് ആർഎസ്എസ് അനുകൂലികളെ തിരുകിക്കയറ്റിയതിനെതിരെ ഇതിനോടകം തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. പുതിയ നീക്കം പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെയും ചരിത്രവസ്തുതകളെയും ബാധിക്കുമെന്ന ആശങ്ക വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കുവെക്കുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളുമായി നിശ്ചിത സമയത്തിനുള്ളിൽ തന്നെ മാറ്റങ്ങൾ പൂർത്തിയാക്കാനാണ് സമിതിയുടെ തീരുമാനം.
Content Highlights: NCERT restructures the 11th and 12th political science textbook committee with 20 members, including four with RSS ties.