NCERT പുസ്തകത്തിൽ ചരിത്രപ്രസിദ്ധമായ ‘നൃത്തംചെയ്യുന്ന പെൺകുട്ടി'യുടെ ശരീരം മറച്ചു; പിന്നീട് തിരുത്തി

നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ രൂപം പാഠപുസ്തകത്തില്‍ ശരീരംമറച്ചനിലയില്‍
നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ രൂപം പാഠപുസ്തകത്തില്‍ ശരീരംമറച്ചനിലയില്‍

ന്യൂഡൽഹി : മോഹൻജൊദാരോയിൽനിന്ന് സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടെടുത്ത ചരിത്രശില്പത്തിലും സദാചാരമാരോപിച്ചുള്ള വിചിത്രനടപടി തിരുത്തി എൻ.ണ്ടസി.ഇ.ആർ.ടി.. 4500 വർഷത്തിലേറെ പഴക്കമുള്ള, ബി.സി. 2600-ൽ നിർമിക്കപ്പെട്ടതെന്നു കരുതുന്ന ചരിത്രപ്രസിദ്ധ വെങ്കലശില്പമായ നൃത്തംചെയ്യുന്ന പെൺകുട്ടിയുടെ 'നഗ്‌നതമറച്ച്' എൻ.സി.ഇ.ആർ.ടി. പുതിയ പാഠപുസ്തകമിറക്കിയത് വൻ വിവാദമായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ ഇപ്പോഴത്തെ വികല ചിത്രം നീക്കാനും യഥാർഥശില്പത്തിന്റെ ചിത്രംതന്നെ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനും ഉന്നതതലത്തിൽ തീരുമാനമായത്. പുരാതന ക്ഷേത്രങ്ങളിൽപ്പോലും ഇത്തരം ചരിത്രശില്പങ്ങളുള്ളപ്പോഴാണ് എൻ.സി.ഇ.ആർ.ടി.യുടെ വിചിത്ര നടപടിയെന്നതാണ് വിവാദമുണ്ടാക്കിയത്.

'മധുരിമ' എന്ന ഒൻപതാം ക്ലാസിലെ ആർട്സ് പഠനപുസ്തകത്തിലാണ് ശില്പത്തെ 'സെൻസർ'ചെയ്ത് മാറിടവും അരക്കെട്ടും മറച്ചിരുന്നത്. കലയുടെ ചരിത്രം എന്ന അധ്യായത്തിലാണിത്. സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയപ്രകാരമുള്ള ഒൻപതിലെ പാഠപുസ്തക പരിഷ്‌കരണത്തിനുശേഷമാണ് മാറ്റംവരുത്തിയത്.

ഡിജിറ്റൽ വേർഷനിലും ഉടൻ മാറ്റംവരുത്തും

വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ബന്ധപ്പെട്ട വകുപ്പിനോട് പരിശോധിക്കാൻ നിർദേശിച്ചിരുന്നെന്ന് എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി പറഞ്ഞു. വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം ശില്പത്തിന്റെ യഥാർഥ ചിത്രംതന്നെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പാഠപുസ്തകത്തിന്റെ ഡിജിറ്റൽ വേർഷനിൽ അടിയന്തരമായി മാറ്റം വരുത്തും. അച്ചടിക്കുന്ന പുസ്തകങ്ങളിൽ യഥാർഥ ചിത്രമടങ്ങിയ പുതുക്കിയ ഭാഗമാകും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: NCERT reverses the alteration of the 4500-year-old Dancing Girl statue image., The original historical artifact will be reinstated in the Class 9 'Madhurima' textbook., Digital and print versions will be updated to reflect the authentic historical sculpture., NCERT Director Dinesh Prasad Saklani confirms the decision following expert consultation.