'ടിപ്പുവിനെ മർദിച്ച് കടലിൽ എറിയണം'; അക്ബറും ടിപ്പുവും മഹാന്മാരല്ല, NCERT തീരുമാനം സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ |ഫോട്ടോ:ANI
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ |ഫോട്ടോ:ANI

ന്യൂഡൽഹി: സ്കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചക്രവർത്തി അക്ബറിന്റെയും മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെയും പേരുകളിൽ നിന്ന് 'മഹാനായ' എന്ന വാക്ക് ഒഴിവാക്കാനുള്ള എൻസിഇആർടി നടപടിയെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ താൻ കണ്ടിട്ടില്ലെന്നും എന്നാൽ എൻസിഇആർടി ഈ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ശർമ്മ പറഞ്ഞു.

ടിപ്പു സുൽത്താനെതിരെ രൂക്ഷമായ പരാമർശങ്ങളാണ് അസം മുഖ്യമന്ത്രി നടത്തിയത്. 'ടിപ്പുവിനെ മർദിച്ച് എവിടേക്കാണോ അയക്കേണ്ടത് അങ്ങോട്ട് അയക്കണം. കടലിൽ എറിയണം' ശർമ്മ പറഞ്ഞു.

'അക്ബർ ദ ഗ്രേറ്റ്', 'ടിപ്പു സുൽത്താൻ ദ ഗ്രേറ്റ്' തുടങ്ങിയ വിശേഷണങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും, എന്നാൽ ചരിത്രപുരുഷന്മാരെയാരെയും ഒഴിവാക്കിയിട്ടില്ലെന്നും ആർ.എസ്.എസ്. നേതാവ് സുനിൽ അംബേക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ എൻസിഇആർടി നടപടി രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഈ നടപടി ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ പാഠപുസ്തക പരിഷ്കരണത്തെ ബി.ജെ.പിയും വി.എച്ച്.പിയും സ്വാഗതം ചെയ്തു.

ചരിത്രം തിരുത്തിയെഴുതാനും നൂറ്റാണ്ടുകളായി ഉപഭൂഖണ്ഡത്തെ രൂപപ്പെടുത്തിയ ഭരണാധികാരികളുടെ സംഭാവനകളെ അവഗണിക്കാനുമുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദ് വിമർശിച്ചു. വിശേഷണങ്ങളോ പേരുകളോ നീക്കം ചെയ്യുന്നതിലൂടെ ചരിത്രപരമായ വസ്തുതകൾ മാറില്ലെന്നും ഈ ഭരണാധികാരികളുടെ ഭരണകാലത്ത് ഇന്ത്യ നേടിയ അഭിവൃദ്ധികൾ അനന്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിച്ചവരാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്നും റാണി ലക്ഷ്മിഭായിയെ ഒറ്റിക്കൊടുത്തവരുടെ പിൻഗാമികൾ എന്തിനാണ് മന്ത്രിസ്ഥാനങ്ങൾ വഹിക്കുന്നതെന്നും മസൂദ് ചോദിച്ചു.

വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പരിഷ്കരണത്തെ പിന്തുണച്ചു. അക്ബറിനെ മഹാൻ എന്ന് വിളിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും മുഗൾ ഭരണാധികാരികളുടെ ഇത്തരം മഹത്വവൽക്കരണം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. മഹാറാണാ പ്രതാപിന്റെ പുണ്യഭൂമിയിൽ ബാബർ, ഹുമയൂൺ, അക്ബർ, ഔറംഗസേബ് എന്നിവരുടെ മഹത്വവൽക്കരണം അനുവദിക്കാൻ കഴിയില്ലെന്നും ബൻസാൽ പറഞ്ഞു.

Content Highlights: Assam CM backs NCERT`s move to drop `Great` from Akbar & Tipu Sultan textbooks. Congress criticizes, VHP supports. Debate over historical revision intensifies.